മലപ്പുറം : ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ട്രഷറി ഉദ്യോഗസ്ഥന് അറസ്റ്റില്‍. ചങ്ങരംകുളം, പൊന്നാനി സബ് ട്രഷറികളിലെ സാമ്പത്തിക തട്ടിപ്പില്‍ ചങ്ങരംകുളം ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റ് കെ സന്തോഷാണ് അറസ്റ്റിലായത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തട്ടിപ്പിന്റെ സൂത്രധാരനും എന്‍ജിഒ യൂണിയന് നേതാവുമായ സന്തോഷ് ഒളിവില്‍ പോകുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ദുരിതാശ്വാസ നിധിയിലേക്കുളള പണം തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കൊപ്പം സബ് ട്രഷറി ഓഫീസര്‍ സന്ധ്യ പി നായരും അക്കൗണ്ടന്റ് മന്‍സൂറലിയും പ്രതിപ്പട്ടികയിലുണ്ട്.
എന്നാല്‍ ഇരുവര്‍ക്കും അശ്രദ്ധമൂലമുണ്ടായ ഔദ്യോഗിക വീഴ്ചയാണന്നും സാമ്പത്തിക തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും പോലീസ് സൂചിപ്പിച്ചു.