കോഴിക്കോട്: പതിനെട്ട് വയസ്സിനു മുകളിലുള്ള ട്രാന്‍സ്ജെന്‍ഡേഴ്സ്, അംഗപരിമിതര്‍ തുടങ്ങിയവരെ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ എട്ടിന് ആരംഭിക്കും. ട്രാന്‍സ്ജെന്‍ഡേഴ്സ്, അംഗപരിമിതര്‍ തുടങ്ങിയവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിന്റെ ഭാഗമായി ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രതിനിധികളുടെയും അംഗപരിമിതരുടെ സംഘടനാ പ്രതിനിധികളുടെയും യോഗം കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വിഭാഗത്തിന്റെയും പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ് കമ്മീഷന്റെ ലക്ഷ്യം.
കോഴിക്കോട് താലൂക്ക് പരിധിയില്‍ ഉള്ളവര്‍ കോഴിക്കോട് ടൗണ്‍ഹാളിലും കൊയിലാണ്ടി താലൂക്കിലുള്ളവര്‍ നെസ്റ്റ് പാലിയേറ്റീവ് കെയറിലും താമരശേരി, വടകര താലൂക്കിലുള്ളവര്‍ അതത് താലൂക്ക് ഓഫീസ് ഇലക്ഷന് വിഭാഗത്തിലും എത്തി പേര് ചേര്‍ക്കണം.
താമസം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളാണ് പേര് ചേര്‍ക്കാന്‍ ആവശ്യം. അംഗപരിമിതര്‍ വൈകല്യം തെളിയിക്കുന്ന രേഖയും ഹാജരാക്കണം. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള അംഗപരിമിതരുണ്ടെങ്കില് അവരുടെ പ്രതിനിധികള്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. അംഗപരിമിതരെ സുരക്ഷിതമായി വോട്ടിങ് കേന്ദ്രത്തിലേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല ജില്ലാ ഭരണസംവിധാനത്തിനാണ്. എട്ടിന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ പേര് ചേര്‍ക്കാനുള്ള സൗകര്യം ഉണ്ടാകും.