തിരുവനന്തപുരം: കടലില്‍ മീന്‍പിടിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. അടിമലത്തുറ അമ്പലത്തുമ്മൂല സ്വദേശി സൈമണിനാ (39)ണ് പരിക്കേറ്റത്. ബോട്ടും ഭാഗികമായി തകര്‍ന്നു. വയര്‍ലെസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കത്തിനശിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം.
വെള്ളിയാഴ്ച വൈകിട്ട് ബോട്ടില്‍ മത്സ്യബന്ധനത്തിനുപോയ ഏഴംഗ സംഘം സഞ്ചരിച്ച ബോട്ടിനാണ് ഇടിമിന്നലേറ്റത്. പുല്ലുവിള ചാളത്തടി പുരയിടത്തില്‍ ശിലുവയ്യന് (40), ചെമ്പകരാമന്‍ പുരയിടത്തില്‍ ഡെല്വിന് (28), കിഴവിവിളാകത്ത് ബിനു (28), പുതിയതുറ പുരയിടത്തില്‍ സേവ്യര്‍ ജോര്‍ജ് (40), പള്ളികെട്ടിയ പുരയിടത്തില്‍ സേവ്യര്‍ (48) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
മിന്നലിന്റെ ആഘാതത്തില്‍ ബോട്ടില്‍ സൈമണിരുന്ന ഭാഗത്ത് വിള്ളലുണ്ടായി. വിള്ളല്‍ വീണതിനെ തുടര്‍ന്നു ബോട്ടില്‍ വെള്ളം കയറിയെങ്കിലും വെള്ളം മാറ്റിയതിന് ശേഷമാണ് തീരത്തേയ്ക്കു ബോട്ട് അടുപ്പിച്ചത്. സൈമണ്‍ പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഏതാണ്ട് ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണു കരുതുന്നത്. സഹായം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഫിഷറീസിന്റെ പള്ളം ഓഫീസിനെ സമീപിച്ചു.