പമ്പ: ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ ചേര്‍ത്തല സ്വദേശിനി അഞ്ജു (30) മല കയറുന്നതില്‍നിന്ന് പിന്മാറി. രണ്ട് മണിക്കൂര്‍ നേരത്തെ പോലീസ് അനുനയ ശ്രമത്തിനൊടുവിലാണ് യുവതി പിന്മാറിയത്. എന്നാല്‍ ഭര്‍ത്താവ് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. യുവതിക്കും രണ്ട് മക്കള്‍ക്കുമൊപ്പം മല കയറണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഭര്‍ത്താവ്.
യുവതി എത്തിയെന്നറിഞ്ഞു പമ്പ ഗണപതിക്ഷേത്രത്തില്‍ ഭക്തര്‍ നാമജപ പ്രാര്‍ഥനയിലാണ്. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തരാണു നാമജപം നടത്തിയത്. യുവതി മല കയറുന്നില്ലെന്നു തീരുമാനിച്ചതായി എസ്പി രാഹുല്‍ ആര് നായര്‍ അറിയിച്ചു. യുവതി സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും അതിനാല്‍ സുരക്ഷ നല്‍കേണ്ടതില്ലെന്നും എസ്പി വ്യക്തമാക്കി.
ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് ചേര്‍ത്തല സ്വദേശി അഞ്ജു (30) ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം പമ്പയിലെത്തിയത്. സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടു. സന്നിധാനത്തെ സ്ഥിതിഗതികള്‍ പോലീസ് യുവതിയെ പറഞ്ഞു മനസിലാക്കി. ഇതോടെ ഭര്‍ത്താവ് പറഞ്ഞാല്‍ മടങ്ങിപ്പോകാമെന്ന നിലപാടില്‍ യുവതി എത്തി. എന്നാല്‍, യുവതിക്കൊപ്പം ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭര്‍ത്താവ്.
യുവതിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവരുമായി പോലീസ് സംസാരിച്ചു. തനിക്ക് ശബരിമലയിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദപ്രകാരമാണ് വന്നതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.
പമ്പ ഗണപതി കോവിലിന് സമീപം കെപി ശശികലയുടെ നേതൃത്വത്തിലാണ് ശരണമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടുള്ള പ്രതിഷേധം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കൂട്ടംകൂടാനാവില്ലെന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറാന് അവര്‍ തയ്യാറായിട്ടില്ല. നിലയ്ക്കലില്‍നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് യുവതി പമ്പയിലെത്തിയത്. പോലീസ് കണ്ട്രോള് റൂമിലാണ് അവര്‍ ഇപ്പോള്‍ ഉള്ളത്.