കണ്ണൂര്‍: ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താന്‍ ഗൂഡാലോചന നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ വാക്കുകള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സംഘപരിവാര്‍ അജണ്ട പുറത്തായിരിക്കുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ഒപ്പം ചേര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ശബരിമല തന്ത്രിയും ഇതിന്റെ ഭാഗഭാക്കായില്ലെ എന്നു കരുതേണ്ടിയരിക്കുന്നു. ഈ വഴിക്കു തന്നെയാണോ പോകാന്‍ ഉദ്ദേശിക്കുന്നതെന്ന് തന്ത്രി വ്യക്തമാക്കണം.
തന്റെ ചെയ്തികളില്‍ കൂട്ടുകാരനായി ശ്രീധരന് പിള്ള തന്ത്രിയേയും കൂട്ടുചേര്‍ത്തിരിക്കുകയാണ്. ഈ കൂട്ടുകെട്ട് തുടരനാണോ തന്ത്രിയുടെ ഉദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കണം. ശബരിമല നന്നാക്കാനുള്ള ശ്രമമല്ല ഈ വിഭാഗം നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നമ്മളും ഭരണകൂടവും അതിനെ നയിക്കുന്ന പാര്‍ട്ടിയും മാത്രമാകുമെന്ന ശ്രീധരന് പിള്ളയുടെ മോഹം കേരളത്തില്‍ ചെലവാകില്ല. കോണ്‍ഗ്രസില്‍ ഒരു വിഭാഗം സംഘപരിവാറിനൊപ്പം പോയെങ്കിലും അങ്ങനെയല്ലാത്തവരും ഉണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് തകരില്ല.
ഞങ്ങളും നിങ്ങളുമെന്ന ശ്രീധരന് പിള്ളയുടെ മോഹം കേരളത്തില്‍ ചെലവാകില്ലെന്നും പിണറായി പറഞ്ഞു. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഓരോ നുണകളും പൊളിഞ്ഞു വീഴുകയാണ്. ഇതുകൊണ്ടൊന്നും നാടിന്റെ മതനിരപേക്ഷ മനസ് ഇളകില്ല. വിശ്വാസികളോടൊപ്പം സര്‍ക്കാര്‍ എന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.