പത്തനംതിട്ട; ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയും ചേര്‍ന്ന് നട തുറന്ന് വിളക്ക് തെളിയിച്ചു. അതേസമയം കര്‍ശന സുരക്ഷാ വലയത്തിലാണ് നട തുറന്നത്. നിരോധനാജ്ഞയ്ക്കിടെയാണ് നട തുറന്നത്.
ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നടതുറന്ന് നിര്‍മാല്യവും അഭിഷേകത്തിനും ശേഷം നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ എന്നീ പതിവുപൂജകള്‍ ഉണ്ടാവും. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും നടക്കും. അത്താഴപൂജയ്ക്കുശേഷം പത്തുമണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16-ന് വൈകിട്ട് നട തുറക്കും. അന്ന് ശബരിമല-മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങും നടക്കും. പുതിയ മേല്‍ശാന്തിമാര്‍ ആയിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.