കൊച്ചി: കോളേജ് യൂണിഫോമില്‍ വൈകുന്നേരങ്ങളില്‍ മീന്‍ വില്‍ക്കുന്ന കുട്ടിയെക്കുറിച്ചാണ് ഇപ്പോള്‍ കേരളക്കര ഒട്ടാകെ ചര്‍ച്ച ചെയ്യുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലേക്ക് ഹനാനെ സംവിധായകന് അരുണ്‍ ഗോപി ക്ഷണിച്ചിരുന്നു. അതേസമയം, ഹനാന്റേത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്ന ആരോപണം.
മലയാള സിനിമയിലെ നവാഗത സംവിധായകനായ അരുണ്‍ ഗോപിയും സൂപ്പര്‍ നിര്‍മ്മാതാവായ ടോമിച്ചന് മുളകുപാടവും ചേര്‍ന്ന് മുഴുവന്‍ പേരെയും വിഡ്ഢികളാക്കുയായിരുന്നോ? ഇവരുടെ പുതിയ സിനിമയ്ക്ക് വേണ്ടി ഹനാനെ മീന്‍ വില്പനക്കാരിയാക്കുകയും അതിന്റെ വാര്‍ത്ത ആദ്യം മതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിടത്ത് തുടങ്ങിയ കെണിയില്‍ സര്‍വ ചാനലുകളും പത്രങ്ങളും സോഷ്യല്‍ മീഡിയയും വീണു പോയതാണോ? ചാനലുകള്‍ ഉള്‍പ്പെടെയുള്ള സര്‍വ്വ ഓണ്‍ലൈന്‍ പത്രങ്ങളും ഇന്നലെ ഹനാന്റെ ജീവിതം എഴുതി. എന്നാല്‍ അതൊക്കെ വെറും തട്ടിപ്പായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദങ്ങള്‍.
മീന്‍ വില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വാര്‍ത്ത വായിച്ചു… അധ്വാനിച്ചു പഠിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച് അഭിമാനവും തോന്നി… പക്ഷേ ബുദ്ധിപൂര്‍വ്വമായ മാര്ക്കറ്റിങ്ങുകള് ഇതിന് പിന്നില്‍ ഉണ്ട്… രാവിലെ വാങ്ങി വെക്കുന്ന മീന്‍ വൈകിട്ടു വില്‍ക്കുന്നു.. വാര്‍ത്തയില്‍ പറയുന്ന പ്രകാരം മീന്‍ വില്പന തുടങ്ങിയിട്ട് കുറേ നാളായിട്ടും ഇതുവരെയും ആരും പറഞ്ഞു കേട്ടില്ല… രാവിലെ വാര്‍ത്ത വരുന്നു…. ഉച്ചക്ക് പെണ്‍കുട്ടിക്ക് സിനിമയില്‍ അവസരം… ഇതിന് പിന്നില്‍ ഒരു സിനിമാ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തോന്നുന്നു…. പലരും പ്രതീക്ഷിച്ചത് ആ പെണ്‍കുട്ടിക്ക് നല്ലൊരു പാര്‍ട്ട് ടൈം ജോലി ലഭിക്കും എന്നാണ്… സിനിമാ അവസരമൊക്കെ നേരത്തേ തീരുമാനിച്ചതാകാനാണ് വഴി… പ്രിയാ വാര്യരുടെ കണ്ണിറുക്കലിന്റെ തരത്തിലേക്ക് ഈ അധ്വാനത്തെ വഴി തിരിച്ച് വിടരുത്…ഇങ്ങനെയാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം.
ഹനാന്റെ വാര്‍ത്തയില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഇത് തെളിയിക്കാന്‍ ഹനാന് നേരത്തെ തന്നെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും മോഹന്‍ലാലിനൊപ്പം ഫോട്ടോ എടുത്തതുമെല്ലാം തെളിവ് സഹിതം നിരത്തുകയാണ് സോഷ്യല്‍ മീഡിയ.
രാമലീല എന്ന സൂപ്പര്‍ ഹിറ്റിന് ശേഷമാണ് അരുണ്‍ ഗോപി മോഹന്‍ലാലിന്റെ മകനെ നായകനാക്കി സിനിമയെടുക്കുന്നത്. ആദിയെന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രണവ് എത്തുന്ന സിനിമ. പുലിമുരുകനിലൂടെ താരമായ ടോമിച്ചന് മുളകുപാടമാണ് ഈ ചിത്രമൊരുക്കുന്നത്. സിനിമയില്‍ അഭിനയിച്ചിട്ടുള്ള ആങ്കറായ പെണ്‍കുട്ടിയുടെ കഥയിലൂടെ ചിത്രത്തിന് അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം.
എന്നാല്‍, പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്നും സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും അരുണ്‍ ഗോപിയുടെ വാദം.
കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തില്‍ ഒരു വേഷം കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞതെന്നും അരുണ്‍ ഗോപി ഒരു ഓണ്‍ലൈനോട് പറഞ്ഞു. മാധ്യമങ്ങളിലൂടെ അല്ലാതെ ആ കുട്ടിയെ അറിയില്ല. പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അരുണ്‍ പറഞ്ഞു.
എന്നാല്‍, സംവിധായകന് ഇത് നിഷേധിക്കുമ്പോഴും ട്രോളുകള്‍ നിറയുകയാണ്. അങ്ങനെ ഇന്നലത്തെ നായിക ഇന്ന് സോഷ്യല്‍ മീഡിയയില്‍ വില്ലത്തിയാവുകയാണ്. മാതൃഭൂമിയില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ലേഖകനും മോഹന്‍ലാലുമൊത്തുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയാകുന്നുണ്ട്. വാര്‍ത്തിയിലെ ഒത്തുകളി ഇതോടെ പൊളിഞ്ഞെന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതുവികാരം.
മാതൃഭൂമിയിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. പിന്നാലെ മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലും പരക്കെ റിപ്പോര്‍ട്ട് വരാന്‍ തുടങ്ങിയത്. മോഹന്‍ലാലും മുകേഷും എല്ലാം ഹനാനുമായൊത്തെടുത്ത ഫോട്ടോകള്‍ സഹിതം പ്രചരിപ്പിച്ചു.
ജീവിത പ്രാരാബ്ധങ്ങള്‍ തലയിലേറ്റി പഠനത്തിനും കുടുംബം പുലര്‍ത്താനും ക്ലാസ് കഴിഞ്ഞ് മീന്‍ വില്പന നടത്തിയ ഹനാന് എന്ന മിടുക്കിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലില്‍ സൗജന്യ പഠനത്തിനു സാഹചര്യമൊരുങ്ങി. രാവിലെ ഹനാന്റെ ജീവിത ദുരിതങ്ങള്‍ മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞ ചെന്നിത്തല ഹനാന് പഠിക്കുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിന്റെ ഉടമയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് സൗജന്യ പഠനത്തിനു സാഹചര്യം ഒരുക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് ഉടമകള്‍ ചെന്നിത്തലയെ വിളിച്ച് ഹനാന്റെ പഠന ചെലവ് തങ്ങള്‍ ഏറ്റെടുത്ത കാര്യം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ചെന്നിത്തല തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി പുറംലോകത്തെ അറിയിച്ചത്.
ഹനാന്റെ ഒരു ദിനം തുടങ്ങുന്നത് പുലര്‍ച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ചവിട്ടി നേരെ ചമ്പക്കര മീന്മാര്ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവള് വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളില്‍ നേരെ ചമ്പക്കര മാര്‍ക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീന്വില്ക്കുന്ന ഇടത്തേയ്ക്കും സൈക്കിളില്‍ തന്നെ ഹനാന് ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തുമെന്ന വാര്‍ത്തയുടെ സത്യാവസ്ഥയില്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്. ബഹുഭൂരിപക്ഷവും വാര്‍ത്ത പൊള്ളത്തരമെന്നാണ് വാദിക്കുന്നതും തെളിവ് നിരത്തുന്നതും. മോഹന്‍ലാലിന്റെ മകന് പ്രണവിന്റെ സിനിമയ്ക്കായുള്ള പ്രചരണ ബുദ്ധിയാണെന്നാണ് കളിയാക്കല്‍.