തിരുവനന്തപുരം: കേരളത്തെ പിടിച്ചു കുലുക്കിയ ഓഖിയുടെ അതേ പാതയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു. ചെവ്വാഴ്ചയോടു കൂടി രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കാരണം തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ന്യൂനമര്‍ദം ശ്രീലങ്ക കടന്ന് ബുധനോ വ്യാഴമോ കന്യാകുമാരി മേഖലയിലെത്തുമെന്നാണ് പ്രവചനം.
ഓഖിയുടെ അതേ പാതയിലാണ് സഞ്ചാരമെങ്കിലും ചുഴലിക്കാറ്റാവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ആറിനും ഏഴിനും കാറ്റ് ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഏഴ്, എട്ട് തീയതികളില്‍ കന്യാകുമാരിഭാഗത്തും മാന്നാര്‍ കടലിടുക്കിലും കാറ്റടിക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററാകും.
ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെയാകാം. ഈ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആയിരിക്കും. ആറുമുതല്‍ എട്ടുവരെ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ മേഖലയില്‍ മത്സ്യബന്ധനത്തിനുപോയവര് ആറിനുമുമ്പ് തിരിച്ചെത്തണമെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു.