തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്(കെഎഎസ്) വിജ്ഞാപനത്തിന് അന്തിമരൂപമാകുന്നു. കെഎഎസ് പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവയുടെ കാര്യത്തില്‍ ചട്ടം ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്കി. പബ്ലിക് സര്‍വീസ് കമ്മീഷന് തയ്യാറാക്കിയ ഭേദഗതിയാണ് അംഗീകരിച്ചത്. ഇത് ഉടന്‍ കമ്മീഷന് കൈമാറും
സര്‍ക്കാരുമായി കൂടിയാലോചിച്ച് പരീക്ഷയുടെ സിലബസും ഘടനയും പിഎസ്സി നിശ്ചയിക്കുന്ന വ്യവസ്ഥയാണ് അംഗീകരിച്ചത്. നേരത്തേ പിഎസ്സിയുമായി കൂടിയാലോചിച്ച് പൊതുഭരണവകുപ്പ് തീരുമാനിക്കണമെന്നായിരുന്നു നിര്‍ദേശം. ഇക്കാര്യത്തിലുള്ള അപ്രായോഗികത പിഎസ്സി ചെയര്മാന് അഡ്വ. എംകെ സക്കീര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
തുടര്‍ന്നാണ് സിലബസ് പിഎസ്സി തയ്യാറാക്കാന്‍ ധാരണയായത്. രണ്ട് ഘട്ട പരീക്ഷയും അഭിമുഖവുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. തസ്തിക മാറ്റംവഴിയുള്ള നിയമനത്തിന് സംവരണം ബാധകമായിരിക്കില്ല. ഉദ്യോഗ പ്രവേശനം നേടുന്നത് സംവരണാടിസ്ഥാനത്തിലായതിനാല് തസ്തിക മാറ്റത്തിന് വീണ്ടും സംവരണം വേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
എസ്സി, എസ്ടി കമ്മീഷനും ഇത് അംഗീകരിച്ചു. നേരിട്ടുള്ള നിയമനത്തിന് സംവരണം ബാധകമായിരിക്കും. നേരിട്ടുള്ള നിയമനം, തസ്തികമാറ്റം, സ്ഥാനക്കയറ്റം എന്നീ മൂന്ന് തട്ടുള്ള നിയമനഘടനയാണ് അംഗീകരിച്ചിട്ടുള്ളത്.സിലബസ്, സംവരണം എന്നിവ സംബന്ധിച്ച അവ്യക്തതയാണ് നിലവിലുണ്ടായിരുന്നത്.
ഇത് നീങ്ങിയതോടെ പിഎസ്സി തയ്യാറാക്കിയ ചട്ടം ഭേദഗതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നല്കി. ഇക്കാര്യം പിഎസ്സിയെ അറിയിക്കും. പിഎസ്സി അംഗീകാരം ലഭിച്ചാല്‍ ഉടനെ വിജ്ഞാപനം പുറപ്പെടുവിക്കും. 2018ല്‍ തന്നെ അപേക്ഷ ക്ഷണിക്കുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നത്.