റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക്സില് കേരളത്തിന് മൂന്ന് സ്വര്‍ണ്ണം. റാഞ്ചിയില്‍ നടക്കുന്ന മീറ്റിന്റെ ആദ്യദിനം മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായി കേരളം അവസാനിപ്പിച്ചു. പിറ്റിലായിരുന്നു കേരളത്തിന്റെ തിളക്കം. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ ആന്‍സി സോജനും അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ നിര്‍മല്‍ സാബുവുമാണ് സ്വര്‍ണം നേടിയത്.അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ ദിവ്യ മോഹന്‍ പൊന്നണിഞ്ഞു.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ റെക്കോഡ് കുറിച്ച പഞ്ചാബിന്റെ ജാസ്മിന് കൗറാണ് ആദ്യദിനത്തിലെ താരം. 14.27 മീറ്ററില്‍ ജാസ്മിന് ദേശീയ റെക്കോഡിട്ടു. ഹരിയാനയുടെ അഞ്ജലിയും 14.22 മീറ്ററില്‍ നിലവിലെ റെക്കോഡിനെ മറികടന്നു. 2016ല്‍ പഞ്ചാബിന്റെതന്നെ പരംജ്യോത് കൗര്‍ എറിഞ്ഞ 14.21 ദൂരമാണ് ഇരുവരും മായ്ച്ചത്. അണ്ടര്‍ 16 ലോങ് ജമ്പില്‍ റെക്കോഡിട്ട ശൈലി സിങ്ങും റാഞ്ചിയില്‍ ആദ്യദിനം തന്റേതാക്കി. റോബര്‍ട്ട് ബോബി ജോര്ജിനുകീഴിലാണ് ഈ ഉത്തര്‍പ്രദേശുകാരിയുടെ പരിശീലനം. 5.94 മീറ്റര്‍ ശൈലി ചാടിക്കടന്നു.
കര്ണാടകത്തിനുവേണ്ടിയാണ് ശൈലി മത്സരിക്കുന്നത്. കേരളത്തിന്റെ നയന ജയിംസ് എട്ടുവര്‍ഷംമുമ്പ് കുറിച്ച 5.79 മീറ്റര്‍ ശൈലി മറികടന്നു. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ പഞ്ചാബിന്റെ രേണു മീറ്റ് റെക്കോഡിട്ടു. 6.22 മീറ്ററാണ് ചാടിയത്. മലയാളിതാരം വി നീന 2010ല്‍ കുറിച്ച 6.19 മീറ്റര്‍ രേണു മറികടന്നു. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ മഹാരാഷ്ട്രയുടെ ദീപക് യാദവ് 4.79 മീറ്റര്‍ ചാടി റെക്കോഡിട്ടു.
പിറ്റില്‍ പൊരിഞ്ഞ പോരാട്ടമായിരുന്നു. അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ അഞ്ചാംശ്രമത്തില്‍ 5.97 മീറ്റര്‍ ചാടിയാണ് ആന്‍സി ഒന്നാമതെത്തിയത്. അണ്ടര്‍ 20 ആണ്‍കുട്ടികളില്‍ നിര്‍മലിന്റെ നേട്ടവും കടുത്ത വെല്ലുവിളി അതിജീവിച്ചായിരുന്നു. മികച്ച താരങ്ങള്‍ മാറ്റുരച്ച ഇനത്തില്‍ മൂന്നാംശ്രമത്തില്‍ 7.45 മീറ്റര്‍ ചാടിയാണ് നിര്‍മല്‍ ഒന്നാമതെത്തിയത്. തിരുവനന്തപുരം സായിയുടെ താരമാണ് നിര്‍മല്‍. എംഎ ജോര്‍ജാണ് പരിശീലകന്. ദേശീയ മീറ്റില്‍ നിര്‍മലിന്റെ ആദ്യസ്വര്‍ണമാണിത്.
പോള്‍വോള്‍ട്ടില്‍ ദിവ്യക്കൊപ്പം കേരളത്തിന്റെ തന്നെ വിഎസ് സൗമ്യയും കര്‍ണാടകത്തിന്റെ ജി സിന്ധുശ്രീയുമായിരുന്നു മത്സരരംഗത്ത്. സൗമ്യ 2.90 മീറ്ററില്‍ വെങ്കലത്തില്‍ അവസാനിപ്പിച്ചു. 3.10 മീറ്ററില്‍ സിന്ധു ആദ്യശ്രമത്തില്‍ ഉയരം കീഴടക്കി. ദിവ്യക്ക് രണ്ടുതവണ ശ്രമങ്ങള്‍ നടത്തേണ്ടിവന്നു. 3.20 മീറ്ററില്‍ സൗമ്യക്കും സിന്ധുവിനും ആദ്യ രണ്ട് ശ്രമങ്ങള്‍ പാഴായി. സിന്ധുവിന്റെ മൂന്നാംചാട്ടവും പിഴച്ചതോടെ ദിവ്യയില്മാത്രമായി ശ്രദ്ധ. പ്രതീക്ഷ തെറ്റിക്കാതെ ദിവ്യ ഉയരം കീഴടക്കി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ ബ്ലെസി കുഞ്ഞുമോന് 2.80 മീറ്ററില്‍ വെള്ളി നേടി. തമിഴ്നാടിന്റെ പവിത്രയ്ക്കാണ് സ്വര്‍ണം. തമിഴ്നാട് ഡു ഓര് ഡൈ അക്കാദമി താരമായ പവിത്ര 3.10 മീറ്റര്‍ ചാടി ഒന്നാമതെത്തി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു 13.35 മീറ്ററില്‍ വെങ്കലം നേടി. ഉത്തര്‍പ്രദേശിന്റ അനാമിക ദാസാണ് (14.41) സ്വര്‍ണം നേടിയത്.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ കേരളത്തിന്റെ മുഹമ്മദ് ഫായിസും സാബിന് ടി സത്യനും ഫൈനലില്‍ കടന്നു. പെണ്‍കുട്ടികളുടെ 100 മീറ്റില്‍ മൃദുല മരിയ ബാബു, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ അപര്‍ണ റോയ് എന്നിവരും ഫൈനലിലേക്ക് മുന്നേറി.