തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തുന്ന സമരം കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കമാണെന്ന് എംടി വാസുദേവന്‍ നായര്‍. നവോത്ഥാനത്തിലൂടെ പുതിയ സംസ്കാരമഹിമ ആര്‍ജിച്ച കേരളത്തിന് അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാടിന്റെ ഭാവി ആഗ്രഹിക്കുന്ന ആര്‍ക്കും ഇത്തരം കാര്യങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശം ആകാമെന്ന കോടതിവിധിക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം. ഇത് പിന്നോട്ടുപോകലാണ്. ‘ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതില്‍ മൂളായ്ക സമ്മതം രാജന്’ എന്ന് ആശാന് എഴുതിയതാണ് ഇവരെ ഓര്‍മിപ്പിക്കാനുള്ളത്. പഴയ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമ്പോള്‍ നമ്മളെ ചിലര്‍ തിരിച്ചുനടത്തിക്കുകയാണ്. ഇവര്‍ ചരിത്രം മനസ്സിലാക്കാത്തവരാണ് കൂടാതെ അങ്ങേയറ്റം അപകടമാണിത് എംടി പറഞ്ഞു.
വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരമായ കാല്‍വയ്പാണ്. ശബരിമല വിഷയത്തിലും നവകേരള നിര്‍മിതിയിലും സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രതയും ഇടപെടലും കേരളത്തെയും മലയാളിയെയും സ്നേഹിക്കുന്ന ആര്‍ക്കും എതിര്‍ക്കാനാവില്ല. ഗുരുവായൂര്‍ ക്ഷേത്രപ്രവേശ സത്യഗ്രഹത്തെയും ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഗുരുവായൂരപ്പന്റെ തേജസ്സിന് കുറവുവരുമെന്നായിരുന്നു അക്കാലത്തെ പ്രചാരണം. എന്നാല്‍, ആ തേജസ്സിന് ഒട്ടും കുറവുണ്ടായില്ലെന്ന് ദൈവവിശ്വാസികള്‍ക്കറിയാം. തെറ്റുകള്‍ തെറ്റായി നിലനിര്‍ത്താമെന്ന് കരുതുന്നത് മൂഢത്തരമാണ്. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോള്‍ ചൈതന്യം പോകുമെന്നായിരുന്നു ഒച്ചപ്പാട്. സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നുവന്നാല്‍ ഇല്ലാതാകുന്നതല്ല ദൈവീകശക്തി. അത് എന്നും അവിടെത്തന്നെ ഉണ്ടാകുമെന്നും എംടി കൂട്ടിച്ചേര്‍ത്തു