കൊച്ചി: കേരള ഹൈക്കോടതിയില്‍ നാല് അഡീഷണല്‍ ജഡ്ജിമാര്‍. ജഡ്ജിമാരെ നിയമിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഹൈക്കോടതി ശുപാര്‍ശ ചെയ്തവരുടെ ഔദ്യോഗിക റെക്കോഡുകള്‍ പരിശോധിച്ചതിനും അവരുമായി മുഖാമുഖം നടത്തിയത്തിനും ശേഷമാണ് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കൊളീജിയം രണ്ട് ജില്ലാ ജഡ്ജിമാരെയും മൂന്ന് അഭിഭാഷകരെയും ഹൈക്കോടതിയിലേക്ക് ഉയര്‍ത്താമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നത്.
ജില്ലാജഡ്ജിമാരായ ടിവി അനില്‍കുമാര്‍, എന്‍ അനില്‍കുമാര്‍, അഭിഭാഷകരായ വിജി അരുണ്‍, എന്‍ നഗരേഷ് എന്നിവരെ ഹൈക്കോടതിയിലേക്ക് ഉയര്‍ത്താമെന്ന സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി നിയമമന്ത്രാലയം ജോയിന്റ് സെക്രട്ടറി വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.
എന്നാല്‍, ഇവരുടെ ഒപ്പം സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത അഭിഭാഷകന് പിവി കുഞ്ഞികൃഷ്ണന്റെ പേര് വിജ്ഞാപനത്തില്‍ ഇല്ല. ഒക്ടോബര്‍ 11നാണ് അഞ്ചുപേരെ ഹൈക്കോടതിയിലേക്ക് ഉയര്‍ത്താമെന്ന് സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.2018 മാര്‍ച്ചില്‍ അന്നത്തെ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഒമ്പത് പേരുടെ പട്ടികയാണ് സുപ്രീംകോടതി കൊളീജിയത്തിന് കൈമാറിയത്.
ടിവി അനില്‍കുമാറും എന്‍ അനില്‍കുമാറും നിലവില്‍ ഹൈക്കോടതി രജിസ്ട്രാര്‍മാരാണ്. എന്‍ നഗരേഷ് നിലവില്‍ ഹൈക്കോടതിയിലെ അസി. സോളിസിറ്റര്‍ ജനറലാണ്. കേന്ദ്രസര്‍ക്കാരിന്റെ കേസുകള്‍ ഹൈക്കോടതിയില്‍ കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്.