കോട്ടയം: മലവിസര്‍ജനം ചെയ്ത കുട്ടിയെ കക്കൂസ് കഴുകുന്ന ബ്രഷ് ഉപയോഗിച്ച് കഴുകിയതായി പരാതി. മാതാപിതാക്കളുടെ പരാതിയില്‍ അങ്കണവാടി ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുട്ടമ്പലം ചന്തക്കടവ് തട്ടുങ്കല്‍ചിറ നീതു(36)വാണ് അറസ്റ്റിലായത്. കോട്ടയം പതിനാറില്‍ചിറ 126-ാം നമ്പര്‍ അങ്കണവാടിയിലായിരുന്നു സംഭവം.
ബ്രഷ് ഉപയോഗിച്ചതിനു പിന്നാലെ മലദ്വാരത്തില്‍ അണുബാധ ഉണ്ടായി. ഇതേ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടറോടാണ് അങ്കണവാടിയിലെ ജീവനക്കാരി കക്കൂസ് കഴുകുന്ന ബ്രഷുപയോഗിച്ച് കഴുകിയവിവരം കുട്ടി പറഞ്ഞത്. ആശുപത്രി അധികൃതര്‍ ചൈല്ഡ്ലൈന് അധികൃതരെ വിവരം അറിയിച്ചു. ഇവരുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം ജീവനക്കാരിക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് കേസെടുക്കുകയായിരുന്നു.
അങ്കണവാടിയില്‍വെച്ച് മലവിസര്‍ജനം നടത്തുമ്പോള്‍ ജീവനക്കാരിയാണ് പതിവായി കുട്ടിയെ കഴുകിച്ചിരുന്നത്. ഇത് കക്കൂസ് കഴുകുന്ന ബ്രഷുപയോഗിച്ചായിരുന്നു. പലതവണ ഇത്തരത്തില്‍ കഴുകിയതിനെത്തുടര്‍ന്ന് കുട്ടിക്ക് മലദ്വാരത്തില്‍ അണുബാധയേല്‍ക്കുകയായിരുന്നു. മറ്റു കുട്ടികളെയും ഇത്തരത്തില്‍ കഴുകിയിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ നീതുവിനെ കോടതിയില്‍ ഹാജരാക്കി.