തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ വീണ്ടും വിശദീകരണവുമായി രമേശ് ചെന്നിത്തല. രാഹുല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു.
തന്റെ അഭിപ്രായം പാര്‍ട്ടിക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല രാഹുല്‍ ചെയ്തത്. രാഹുലിന്റെ ജനാധിപത്യ നിലപാടാണ് ഇതില്‍ വ്യക്തമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളനേതൃത്വത്തെ തളളിപ്പറഞ്ഞതല്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും കേരളനേതൃത്വത്തിന്റെ നിലപാടുമായി മുന്നോട്ടുപോകാന്‍ അനുമതി നല്കി. കോണ്‍ഗ്രസ് അധ്യക്ഷന്റെ മഹത്വമാണ് ഇത് വ്യക്തമാക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.
ശബരിമല യുവതി പ്രവേശ വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പുരുഷന് പോകുന്നിടത്ത് സ്ത്രീയെയും പോകാന്‍ അനുവദിക്കണം. ഇത് വൈകാരിക വിഷയമാണെന്ന സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിലപാടിനെ എഐസിസി പിന്തുണയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മയും രംഗത്തെത്തിയിരുന്നു.