ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം വാര്‍ഷിക ശിശുമരണനിരക്കില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. കര്‍ണ്ണാടക, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
‘പൊതു ആരോഗ്യ മേഖലയിലെ പുത്തന്‍ വ്യവഹാരങ്ങളും കണ്ടുപിടുത്തങ്ങളും’ എന്ന വിഷയത്തിലെ അഞ്ചാമത് നാഷണല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
‘അധികാര വികേന്ദ്രീകരണം മാത്രം പോര, ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കാന്‍ കഴിയുന്ന തരത്തിലുള്ള സംയുക്ത ഭരണമാണ് ആവശ്യമെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടി ശേഷം അദ്ദേഹം പറഞ്ഞു. സംസ്ഥാനവും കേന്ദ്രവും തമ്മില്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമേഖലയില്‍ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശാണ് നവജാത ശിശുക്കളുടെ മരണനിരക്കില്‍ ഏറ്റവും കുറവുള്ള സംസ്ഥാനം. തമിഴ്നാട്, ഡല്‍ഹി എന്നിവരാണ് തൊട്ടുപിന്നില്‍. റിപ്പോര്‍ട്ട് പ്രകാരം കുടുംബാസൂത്രണത്തില്‍ ഏറ്റവും മികവ് പുലര്‍ത്തിയ സംസ്ഥാനം പശ്ചിമ ബംഗാളാണ്. ചത്തീസ്ഗഢ് രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളിനു ശേഷം കൂടുതല്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങള്‍.
പരിഷ്കരിച്ച ക്ഷയരോഗ നിയന്ത്രണ പരിപാടി ഏറ്റവും കാര്യക്ഷമമായി നടത്തിയത് ആന്ധ്രപ്രദേശ് ആണ്. ഗുജറാത്തും അരുണാചല്‍ പ്രദേശും ഇതില്‍ മികവ് പുലര്‍ത്തി. ഹിമാചല്‍ പ്രദേശ് കാന്‍സര്‍, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ മുതലായവ ചെറുക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ച വച്ചു.