തിരുവനന്തപുരം: കുട്ടികള്‍ക്കിടയില്‍ ജങ്ക് ഫുഡ് ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ ഇത് തടയുന്നതിനായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഫുഡ് സേഫ്റ്റി ക്ലബുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഉത്തരവായി. കുട്ടികളുടെ ഇടയില്‍ ജങ്ക് ഫുഡ് ഉപയോഗം കൂടുന്നതിനാല്‍ കേരളത്തില്‍ ഇവയുടെ ഉല്‍പ്പാദനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന് ചെയര്മാന് പ്രീത് തോമസ് തുരുത്തിപ്പള്ളി നല്കിയ പരാതിയെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.
ജങ്ക് ഫുഡ് ഉല്‍പ്പാദനവിതരണ കേന്ദ്രങ്ങളില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കമ്മീഷന് ഉത്തരവായി. ജങ്ക് ഫുഡിന്റെ അമിതോപയോഗം തടയുന്നതിനും ഇവയുടെ അപകട സാധ്യതകളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഫുഡ് സേഫ്റ്റി ക്ലാസുകള്‍ എടുത്തുവരികയാണെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.
ഈ ക്ലാസുകള്‍ മുഴുവന്‍ സ്കൂളുകളിലും നടത്തും. ഇക്കാര്യം പരിഗണിച്ചാണ് സര്‍ക്കാര്‍സര്‍ക്കാരിതര സ്കൂളുകളില്‍ ഫുഡ് സേഫ്റ്റി ക്ലബുകള്‍ തുടങ്ങണമെന്ന് നിര്‍ദേശിച്ചത്. ജങ്ക് ഫുഡ് വര്‍ജിക്കുന്നതിന് കുട്ടികളിലും പൊതുസമൂഹത്തിലും നിരന്തര പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.