തിരുവനന്തപുരം: തീരസുരക്ഷയ്ക്കായി ഇനി കേരളത്തിന്റെ സൈന്യം. തീരദേശ പോലീസിനെ സഹായിക്കാനായി കോസ്റ്റല്‍ വാര്ഡന്മാരെ നിയമിക്കാനുള്ള പദ്ധതിക്ക് അന്തിമരൂപമായി. തീരദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട 200പേരെയാണ് 14 സ്റ്റേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുക.18നും 30നും ഇടയില്‍ പ്രായമുള്ള പത്താംക്ലാസ് വിജയിച്ചവര്‍ക്ക് പരീക്ഷ നടത്തി ഒരുവര്‍ഷത്തേക്കാണ് നിയമനം നല്‍കുക. 18,900 രൂപയാണ് പ്രതിമാസ പ്രതിഫലം.
നിയമിക്കുന്ന കോസ്റ്റല്‍ വാര്‍ഡര്‍മാരില്‍ 55 പേര് സ്ത്രീകളാകും. ഓഖി ദുരന്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കോസ്റ്റല്‍ വാര്ഡന്മാരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്.നവംബറില്‍ നിയമന നടപടി ആരംഭിക്കും. വിഴിഞ്ഞം (24), നീണ്ടകര(22), തോട്ടപ്പള്ളി(11), അര്‍ത്തുങ്കല്‍(11), ഫോര്‍ട്ട് കൊച്ചി (22), അഴിക്കോട്(11), മുനയ്ക്കക്കടവ് (11), പൊന്നാനി(22), ബേപ്പൂര്‍(22), അഴീക്കല്‍ (11), തലശ്ശേരി(11), ബേക്കല്‍(8), തൃക്കരിപ്പൂര്‍ (7), കുമ്പള(7) എന്നിങ്ങനെയാണ് നിയമനം.
പോലീസിന് സമാനമായരീതിയില്‍ നിശ്ചിത ശാരീരികയോഗ്യതയും ശരീരിക ക്ഷമതയും വേണം. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിര്‍ബന്ധമായും കടലില്‍ നീന്തല്‍ അറിയണം. ഇതിനായി കടലില്‍തന്നെ നീന്തല്‍ പരിശോധന നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്കാണ് ശാരീരിക ക്ഷമതാപരിശോധനയും കായിക പരിശോധനയും. നവംബറില്‍ അപേക്ഷ ക്ഷണിച്ച് ഡിസംബറില്‍ നിയമനം നടത്താനാണ് പദ്ധതി. തെരഞ്ഞെടുക്കുന്നവര്‍ക്ക് 4 മാസ പരിശീലന കാലയളവില്‍ പ്രതിമാസ പ്രതിഫലം ലഭിക്കും.