കോട്ടയം: കാലിഫോര്‍ണിയയില്‍ സെല്‍ഫി എടുക്കുന്നതിനിടെ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. അവസാനമായി മക്കളെ ഒരു നോക്ക് കാണുവാന്‍ കഴിയുമോ എന്ന ചോദ്യം ആവര്‍ത്തിച്ച് ചോദിച്ച് കണ്ണീര് ഒഴുക്കി കാത്തിരിക്കുകയാണ് മാതാപിതാക്കള്‍. മീനാക്ഷിയുടെ മാതാപിതാക്കളായ തിരുനക്കര വാണിശ്രീ വീട്ടില്‍ എസ്ആര്‍ മൂര്‍ത്തിയും ചിത്രയെയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ തേങ്ങുകയാണ് കുടുംബം.
ട്രക്കിങ്ങിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മീനാക്ഷിയും വിഷ്ണുവും മരിച്ചത്. 23നു യോസാമിറ്റി നാഷനല്‍ പാര്‍ക്കിലെ ട്രക്കിങ്ങിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ട് 3000 അടി ഉയരത്തില്‍നിന്നു താഴേക്കു വീഴുന്നത്. ശനിയാഴ്ച രാവിലെ കണ്ടെടുത്ത മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിലുള്ളതായിരുന്നു. പ്രിയപ്പെട്ട മകളെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യയാത്ര അര്‍പ്പിക്കാനും കലിഫോര്‍ണിയയിലേക്കു പോയാലും ആ മുഖം വീണ്ടുമൊന്നു കാണാനാകില്ലെന്ന് നെഞ്ചുപൊട്ടി ഇരുവരും പറയുന്നു.
സാഹസികയാത്രകളെ ഏറെയിഷ്ടപ്പെട്ടിരുന്ന മീനാക്ഷിയുടെയും വിഷ്ണുവിന്റെയും അവസാനത്തെ സാഹസികയാത്രയായിരുന്നു യോസാമിറ്റി നാഷനല്‍ പാര്‍ക്കിലേക്കുള്ള ട്രക്കിങ്. മിക്കവാറും ദിവസങ്ങളിലും വീട്ടിലേക്കു ഫോണ്‍ വഴിയും വാട്സാപ് വഴിയുമൊക്കെ വിശേഷങ്ങള്‍ അറിയിച്ചിരുന്ന മീനാക്ഷി അവസാനയാത്രയെക്കുറിച്ചും വീട്ടില്‍ അറിയിച്ചിരുന്നു. പിന്നീടു ഫോണിലും മറ്റും ഇരുവരെയും കിട്ടാതായതോടെയാണു നാട്ടില്‍നിന്ന് അന്വേഷണം ആരംഭിക്കുന്നത്. മീനാക്ഷിയുടെ അമ്മാവന് വഴിയും പോലീസ് വിഭാഗത്തിലുള്ള ബന്ധു വഴിയുമുള്ള അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കാണാനില്ലെന്ന വിവരം വീട്ടിലറിയുന്നത്.
പിന്നീട് അവരുടെ ജീവനുവേണ്ടി കണ്ണീരൊഴുക്കിയുള്ള പ്രാര്‍ത്ഥനകള്‍. അതിനൊടുവില്‍ എത്തിയത് ആ അച്ഛനുമമ്മയും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മരണ വാര്‍ത്തയും. ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജിലെ സഹപാഠികളായ ഇരുവരും പ്രണയിച്ചു വിവാഹിതരായത് 4 വര്‍ഷം മുന്‍പാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം.