തൃശൂര്‍: ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര് സഞ്ജയന് ആര്‍എസ്എസിന്റെ സാംസ്കാരിക വേദിയില്‍ നിന്നും സംസാരിക്കാതെ മടങ്ങി. സാംസ്കാരിക വിഭാഗമായ തപസ്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച, മുതിര്‍ന്ന നേതാവ് എംഎ കൃഷ്ണന്റെ നവതിയാഘോഷ ചടങ്ങിലാണ് സംഭവം. സാഹിത്യോത്സവം എന്ന് പേരിട്ട ആഘോഷ പരിപാടികള്‍ രണ്ട് നാളായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലായിരുന്നു.
‘സാമൂഹിക പരിഷ്കരണത്തിന്റെ നാള് വഴികള്‍’എന്ന സെമിനാറില്‍ വിഷയാവതരണം നടത്തേണ്ടത് സഞ്ജയന് ആയിരുന്നു. എന്നാല്‍, ആഘോഷ പരിപാടിക്കെത്തിയ അദ്ദേഹം വേദിയിലെത്തിയെങ്കിലും സംസാരിക്കാനില്ലെന്ന് അറിയിച്ചു. നേതാക്കള്‍ നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും കൃഷ്ണനോടുള്ള ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും പേരില്‍ എത്തിയതാണെന്നും സംസാരിക്കാന്‍ ഇല്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനിന്നു.
ശബരിമലയിലെ യുവതി പ്രവേശന വിധി സ്വാഗതം ചെയ്തും ബിജെപിയുടെ സമരത്തെ തള്ളിപ്പറഞ്ഞും സഞ്ജയന് എഴുതിയ ലേഖനം ഏറെ വിവാദമായിരുന്നു. നേതാക്കള്‍ ഇടപെട്ടുവെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.