കട്ടപ്പന : കാക്കിയിട്ടും ലാത്തിപിടിച്ചും പരിചയമുള്ളവര്‍ കൈലിയുടുത്തും തലയില്‍ക്കെട്ടും കൈയില്‍ തൂമ്പയുമായി ഇറങ്ങിയപ്പോള്‍ അത് നാട്ടുകാര്‍ക്ക് പുത്തന്‍ കാഴ്ചയായിരുന്നു. എന്നാല്‍ കാക്കിക്കുള്ളിലെ കര്‍ഷകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കൊയ്തതു നൂറുമേനി.
വണ്ടന്മേട് പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടത്തില്‍ ആദ്യ വിളവില്‍ തന്നെ ലഭിച്ചത് നൂറുമേനിയാണ്. എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കുക എന്ന മലയാളിയുടെ സ്ഥിരം പതിവിനു വിപരീതമായി തനതു സങ്കല്‍പ്പങ്ങളുമായി ജനശ്രദ്ധ നേടുകയാണ് വണ്ടന്മേട് സ്റ്റേഷനിലെ കര്‍ഷകരായ പോലീസുകാര്‍.
സ്റ്റേഷന് പരിസരത്ത് കാടുപിടിച്ചുകിടന്നിരുന്ന രണ്ടേക്കര്‍ സ്ഥലത്തില്‍നിന്നും 60 സെന്റ് സ്ഥലം വെട്ടിത്തെളിച്ചാണ് കൃഷിയോഗ്യമാക്കിയത്. കൃഷിത്തോട്ടത്തിലെ പ്രവര്‍ത്തനത്തിന് വണ്ടന്മേട് കൃഷിഭവനിലെ കൃഷി ഓഫീസര്‍ സിബി സെബാസ്റ്റിയന്റെയും ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടവും കൃഷിഭവന്റെ സാമ്പത്തികസഹായവുമുണ്ട്.
പാറാവ് റെസ്റ്റ്, എന്‍.പി. റെസ്റ്റ് മുതലായ വിശ്രമവേളകളിലെ പോലീസുകാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് കുരങ്ങുശല്യവും പ്രളയക്കെടുതി മൂലവും രണ്ടുതവണ നശിച്ചുപോയ കൃഷി മാതൃകാ കൃഷിത്തോട്ടമായത്.
വണ്ടന്മേട് മേഖലയില്‍ നിരവധി കൃഷി പ്രോജക്റ്റുകള്‍ നിര്‍മിച്ചു നല്കിയ ബിനോയ് കാപ്പിയാങ്കലിന്റെ നിര്‍ദ്ദേശത്തോടെ പോലീസുകാരുടെ ശ്രമഫലമായി നിര്‍മിച്ച പച്ചക്കറിത്തോട്ടത്തില്‍ പലവിധം പച്ചക്കറികള്‍ വിളവെടുപ്പിനു പാകമായി നില്‍ക്കുകയാണ്. പയര്‍, പാവല്‍, ബീന്‍സ്, കാബേജ്, തക്കാളി, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, കിഴങ്ങ്, റാഡിഷ്, ചീര, കെയ്ല്‍, വഴുതന, പച്ചമുളക്, മത്തന്‍, കടല മുതലായ എല്ലാവിധ പച്ചക്കറികളും തോട്ടത്തില്‍ കൃഷി ചെയ്തിട്ടുണ്ട്. തികച്ചും െജെവരീതിയിലാണ് കൃഷി.
കീടങ്ങളെ ചെറുക്കാന്‍ പുകയിലക്കഷായവും വേപ്പെണ്ണ മിശ്രിതവുമാണ് ഉപയോഗിക്കുന്നത്. വിശ്രമവേളകള്‍ കൃഷിയെ പരിപാലിക്കാനാണ് പോലിസ് ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തുന്നത്. വര്‍ഷങ്ങളായി കാടുപിടിച്ചുകിടന്ന സ്ഥലം കൃഷി യോഗ്യമാക്കുന്നതിന് കഠിന പ്രയത്നം വേണ്ടിവന്നുവെന്നും ജോലിയുടെ ആയാസംകുറച്ച് മനസിന് ശാന്തി ലഭിക്കുന്നതില്‍ കൃഷിപരിപാലനം സഹായിക്കുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സി.പി.ഒമാരായ ജോസഫ്, സുമേഷ്,അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ ഹരിത ക്ലബും പ്രവര്‍ത്തിക്കുന്നു.
എ.എസ്.ഐമാരായ നൗഷാദ്, ഷാജി, സി.പി.ഒമാരായ ജെയ്ജോണ്‍, രാധാകൃഷ്ണന്, സുനില്‍, സന്തോഷ്, ഹരികുമാര്‍, റെജിമോന്, സി.പി.ഒമാരായ പ്രദീപ്, സലിം, അനൂപ്, ബിനീഷ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത.്
പോലീസുകാരുടെ ശ്രമങ്ങള്‍ക്ക് സബ് ഇന്‍സ്പെക്ടര്‍ ഇ.ജി ഷനില്‍കുമാര്‍ മികച്ച പിന്തുണയുമായി ഒപ്പമുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം തയാറാക്കാന്‍ ഉപയോഗിക്കും. ബാക്കി പോലീസുകാര്‍ക്കു തന്നെ വില്പന നടത്തും. സ്റ്റേഷന് പരിസരത്തെ ബാക്കി സ്ഥലം കൂടി കാടുവെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കാനുള്ള ഒരുക്കം പുരോഗമിക്കുകയാണ്.