കണ്ണൂര്‍: ശബരിമല വിഷയം മറയാക്കി പരോക്ഷമായ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശമവുമായി മന്ത്രി ജി സുധാകരന്. കോടതിയേയോ ജനാധിപത്യത്തേയോ ബഹുമാനമില്ലാത്ത അമിത് ഷാ ദേശീയ ഗുണ്ടയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിനെ താഴെയിടാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും മന്ത്രി പറയുന്നു.
രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ക്ഷേത്രനടയില്‍ നിന്ന് രഥയാത്ര നടത്താന്‍ അനുവാദം ഇല്ല എന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട ജി.സുധാകരന് ബ്രാഹ്മണ മേധാവിത്തത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്നും ചൂണ്ടിക്കാട്ടി.
അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞത്. അതേസമയം, ബിജെപിയുടെ ദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അമിത് ഷായ്ക്ക് മറുപടി നല്കി.