കൊച്ചി: ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് കൂടി നേരിട്ടുളള വിമാനസര്‍വ്വീസുകള്‍ ഉണ്ടാകും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുളള ശീതകാല സര്‍വ്വീസുകളുടെ സമയപ്പട്ടിക ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. മാര്‍ച്ച് 30 വരെയാണ് കാലാവധി.
നിലവില്‍ കണക്ഷന് വിമാനങ്ങളുളള ജയ്പൂരിലേക്കും കൊല്‍ക്കത്തയിലേക്കും ഇനി നേരിട്ട് പറക്കാനാകും. ഗോവ, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ലഖ്നൌ, ഗുവാഹത്തി എന്നീ നഗരങ്ങളിലേക്ക് ഇതാദ്യമായാണ് നേരിട്ടുളള സര്‍വ്വീസുകള്‍ ശീതകാലസമയപ്പട്ടികയില് ഇടംപിടിച്ചിട്ടുളളത്.
നിലവിലുളള വേനല്‍ക്കാല സമയപ്പട്ടിയില് ആഴ്ചയില്‍ മൊത്തം 1360 സര്‍വ്വീസുകളാണ് ഉളളത്. ശീതകാലപട്ടികയില് അത് 1734 സര്‍വ്വീസുകളായി ഉയര്‍ത്തിയിട്ടുണ്ട്. പ്രതിദിനം 124 ലാന്‍ഡിങ്ങും 124 ടേക്ക് ഓഫും നടക്കും.ആഭ്യന്തര മേഖലയില്‍ നിന്നുളള പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതിന് പുറമെ നിലവിലുളള മിക്ക സര്‍വീസുകളുടെയും എണ്ണം കൂട്ടിയിട്ടുണ്ട്.
ശീതകാല സമയപ്പട്ടിക വരുന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് സര്‍വീസുകളുളള നഗരങ്ങളുടെ എണ്ണം 21 ആകും. ഇതില്‍ ബംഗളൂരുവാണ് മുമ്പില്‍. ഗോ എയര്‍ ഏഴും ഇന്‍ഡിഗോ 14 ഉം എയര്‍ ഇന്ത്യ ഒന്നും അധിക ആഭ്യന്തര സര്‍വീസുകള്‍ നടത്തും. രാജ്യാന്തര മേഖലയില്‍ ഇന്‍ഡിഗോ കുവൈത്തിലേക്കും മാലിയിലേക്കും അധിക സര്‍വീസുകള്‍ തുടങ്ങും.
രാജ്യാന്തര സെക്ടറില്‍ 16 നഗരങ്ങളിലേക്ക് നെടുമ്പാശേരിയില്‍ നിന്ന് വിമാനസര്‍വീസുണ്ട്. നിലവിലുളള സര്‍വീസുകള്‍ക്ക് പുറമെ എയര്‍ ഏഷ്യ ആഴ്ചയില്‍ മൂന്ന് തവണ ക്വാലാലംപൂരിലേക്ക് സര്‍വീസുകള്‍ നടത്തും.