പാലക്കാട്: ശബരിമല വിഷയം കത്തി നില്‍ക്കെ കേരളത്തിലെത്തി സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നായിരുന്നു നേതാവിന്റെ പരാമര്‍ശം.
എല്‍ഡിഎഫ് സര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള തടി അമിത്ഷായ്ക്ക് ഇല്ലെന്നും ഭീഷണി ഗുജറാത്തില്‍ മതിയെന്നും മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പാലക്കാട് നടത്തിയ പികെഎസ് സംസ്ഥാന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായ്ക്ക് നല്കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിറകൈയ്യടികളോടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ സദസ് സ്വീകരിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
‘അമിത് ഷായുടെ ശരീരം കണ്ടാല്‍ വെള്ളം കൂടുതലുള്ള തടിയാണെന്നാണ് തോന്നുന്നത്. നിങ്ങള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല. കാരണം ഇത് ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും നാടാണ്. ആദ്യം സുപ്രീം കോടതിയെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. നിങ്ങള്‍ പറയുന്നപോലെ സുപ്രീം കോടതി വിധി വരണമെന്നാണ് നിങ്ങള്‍ പറഞ്ഞത്. ഒരു രാജ്യത്തിന്റെ ഭരണ മുന്നണിയുടെ തലവന്റെ സ്ഥാനത്ത് നിന്ന് വരേണ്ട വാചകമാണോ ഇത്.
എത്ര നിസാരമായാണ് ഈ രാജ്യത്തിന്റെ പരമോന്നത കോടതിയെ നിങ്ങള്‍ കണ്ടത്. നിങ്ങള്‍ക്ക് ഇഷ്ടം പോലെ എടുത്ത് കയ്യാളാന്‍ പറ്റുന്ന ഒരു സാധനമല്ല കേരളത്തിലെ സര്‍ക്കാര്‍. ആ സര്‍ക്കാരിന്റേത് ഈ കേരളത്തിലെ ജനങ്ങളൊന്നാകെ കയ്യുയര്‍ത്തി എടുത്ത് വെച്ച സ്ഥാനത്താണ് ഉള്ളത്. അവരുടെ പിന്തുണയോടെയാണ് വന്നിട്ടുള്ളത്. വിവേകം പാലിക്കണം. നിങ്ങള്‍ ഈ നാടിനെ ഭീഷണിപ്പെടുത്താമെന്ന് കരുതരുത്. നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്ക്കുന്ന ആളുകളുടെ നേരെ അത് നോക്കിക്കോളണം. ഇങ്ങോട്ട് വന്ന് അത്തരം കാര്യങ്ങള്‍ പ്രയോഗിക്കാന്‍ തയ്യാറാവരുത്.
സാധാരണ അല്പന്മാര്ക്ക് മറുപടി പറയാത്തതാണ്. അനുചരന്മാര് അറിയാനാണ് ഇപ്പോള്‍ പറയുന്നത്. അമിത് ഷായുടെ വാക്ക് കേട്ട് ആര്‍എസ്എസുകാര്‍ കളിക്കാന്‍ വന്നാല്‍ വല്ലാത്ത കളിയാകും. എത്ര കാലമായി ബി.ജെ.പി കേരളത്തില്‍ രക്ഷപ്പെടാന്‍ നോക്കുന്നു. കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഭീഷണിക്ക് വഴങ്ങില്ല.
ശബരിമലയിലെ പോലീസ് നടപടി വിശ്വാസികള്‍ക്ക് എതിരല്ല. അറസ്റ്റ് ചെയ്തത് ക്രമിനലുകളെയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമാണ്. സംഘപരിവാറുകാര്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല ശബരിമല്ലെന്നും പിണറായി ഓര്‍മിപ്പിച്ചു’. താന്‍ ആദ്യമായി ഒരു അമ്പലത്തിലേക്ക് നടന്നുപോയത് ശബരിമലയിലേക്കാണ്. ശബരിമല സാധാരണ അമ്പലമല്ല. അത് മനസ്സിലാക്കാനാണ് താന്‍ പോയതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.