പാലക്കാട്: മാനവികതയുടെ ഉന്നതമായ മൂല്യങ്ങളാണു കേരളം ഉയര്‍ത്തിപ്പിടിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അമിത് ഷായുടെ വാക്കുകേട്ട് ആരും കളിക്കാന്‍ നില്‍ക്കരുതെന്നും അങ്ങനെ വന്നാല്‍ സ്ഥിതി മോശമാകുമെന്നും പിണറായി പറഞ്ഞു. പാലക്കാട് കോട്ടമൈതാനിയില്‍ പട്ടികജാതിക്ഷേമസമിതി സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനും അതനുസരിച്ച് ജീവിക്കുന്നതിനും സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കും. എന്നാല്‍ വിശ്വാസിയാകുന്നത് അക്രമം നടത്താനുള്ള ലൈസന്‍സല്ല. അക്രമികളെ റിക്രൂട്ട് ചെയ്ത് ശബരിമലയിലെത്തിച്ചത് ഗൂഢോദ്ദേശത്തോടെയായിരുന്നു- പിണറായി പറഞ്ഞു.
നാട്ടിലുണ്ടാകുന്ന സാമൂഹ്യമുന്നേറ്റങ്ങളെ പിന്നോട്ടടിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ശക്തമായി ചെറുക്കണം. മാറിമാറിവന്ന സര്‍ക്കാരുകള്‍ സാമൂഹ്യമുന്നേറ്റത്തെ മുന്നോട്ടു നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പുജാദികര്മങ്ങള് നടത്തുന്നതിന് ബ്രാഹ്മണന് എന്നത് യോഗ്യതയല്ല, അബ്രാഹ്മണനെന്നത് അയോഗ്യതയുമല്ല. ഇത് അനുസരിച്ചാണ് ദേവസ്വം ബോര്‍ഡില്‍ അബ്രാഹ്മണരെയും പുജാരിമാരായി നിയമിച്ചത്- പിണറായി പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ ശിവപ്രതിഷ്ഠയും അന്നത്തെ ആചാരലംഘനമായിരുന്നെന്ന് ഓര്‍മിപ്പിച്ച പിണറായി, ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കുറച്ചുതവണ കൂടി കേരളത്തിലേക്കു കൊണ്ടുവന്നാല്‍ തങ്ങള്‍ക്കു പണി കുറഞ്ഞുകിട്ടുമെന്നും പരിഹസിച്ചു.