കോട്ടക്കല്‍: വിദ്യാര്‍ത്ഥികളുടെ മനംകവര്‍ന്ന അധ്യാപകന്റെ അപ്രതീക്ഷിത സ്ഥലമാറ്റത്തില്‍ ബാനറുകള്‍ പിടിച്ച് പ്രതിഷേധ പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍. മലപ്പുറം കോട്ടക്കല്‍ രാജാസ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ അബ്ദു സമദ് സാറിന്റെ ട്രാന്‍സ്ഫറില്‍ പ്രതിക്ഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്.
ഇതിന് മുന്‍പ് വിദ്യാര്‍ത്ഥികളുടെ മനംകവര്‍ന്ന ചെന്നൈയിലെ ഭഗവാന് എന്ന അധ്യാപകനെ മറന്നു കാണാന്‍ വഴിയില്ല. അതിനു സമാനമായ സംഭവമാണ് മലപ്പുറത്തും അരങ്ങേറിയിട്ടുള്ളത്. സ്കൂളിലെ ഹിന്ദി അധ്യാപകനും സ്കൗട്ട് ഓഫീസറുമായ സമദ്, കല -കായിക രംഗങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സജീവമായി ഇടപെടുന്നയാളാണ്. ഇതിനിടെയാണ് ട്രാന്‍സ്ഫര്‍ ലഭിക്കുന്നത്. സ്കൂളിലെ മറ്റു ചില അധ്യാപകര്‍ക്കും ട്രാന്‍സ്ഫര്‍ ഉണ്ടെങ്കിലും അവരെല്ലാം സാമ്പിള്‍ ലിസ്റ്റില്‍ ഉള്ളവരായിരുന്നു.
എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്രാന്‍സ്ഫര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ പ്രതിക്ഷേധമാണ് ഉണ്ടാക്കിയത്. അധ്യാപകന്റെ പേര് എഴുതിയ ബാനറുകളുമായാണ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ഓഫീസിനടുത്തുള്ള കോമ്പൗണ്ടിലിറങ്ങി പ്രതിഷേധിച്ചത്. ചില ഉദ്യോഗസ്ഥരുടെ പ്രവൃത്തികളില്‍ വിദ്യാര്‍ത്ഥികളാണ് ഏറെ വിഷമം അനുഭവിക്കുന്നതെന്നും സ്കൗട്ട് വിദ്യാര്‍ത്ഥികളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലായിപ്പോകും എന്ന് തുടങ്ങിയ പരാതികളാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നും ഉയരുന്നത്.