ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെയും ഇടപെടല്‍ വന്നതോടെ പണി കിട്ടിയത് ട്രോളന്മാര്ക്കാണെന്ന് നിസ്സംശയം പറയാം. വിശ്രമമില്ലാതെ പണിയെടുപ്പിലാണ് ട്രോളന്മാര്. ആശയം ഒന്നാണെങ്കിലും വ്യത്യസ്ത മീമുകളിലൂടെയും പഞ്ച് ഡയലോഗുകളിലൂടെയും ചിരിപൂരം സൃഷ്ടിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍.
എന്ത് വന്നാലും പിന്മാറില്ല എന്ന് പറഞ്ഞവര്‍ പോലീസിന്റെ ലാത്തി ചാര്‍ജ്ജില്‍ പരക്കം പായുന്ന കാഴ്ച ഏറെ ചര്‍ച്ചയ്ക്കും അതിലുപരി നര്‍മത്തിനും വഴിവെച്ചിരുന്നു. ഇതാണ് ട്രോളന്മാര് ഏറ്റെടുത്തത്. ഇതിനു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വരവും തുടര്‍ന്നുണ്ടായ സംഭാഷണങ്ങളുമാണ് കിട്ടിയിരിക്കുന്ന ചാകര.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്നായിരുന്നു നേതാവിന്റെ പരാമര്‍ശം. പിണറായി സര്‍ക്കാരിനെ താഴെ ഇറക്കാം അതിനു മുന്‍പ് ഞങ്ങളെ താഴെയിറക്കൂ എന്ന് തുടങ്ങി നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ആദ്യ യാത്രക്കാരനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിനെ നായയോടും ഉപമിച്ച് ട്രോളുകള്‍ നിറയുന്നുണ്ട്. കുരങ്ങനെയും കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത്ഷാ പറയുമ്പോള്‍ എനിക്ക് ഒറ്റയ്ക്ക് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ എന്ന് രാജഗോപാല്‍ ജി പറയുന്ന ട്രോള്‍ ഹിറ്റാകുകയാണ്.