തിരുവനന്തപുരം: വീശിയടിച്ച് ഭീതിപ്പെടുത്തിയ ഓഖി ചുഴലിക്കാറ്റില്‍ നിന്ന് ഇന്നും കേരളം മുക്തമായിട്ടില്ല. അപ്രതീക്ഷി ചുഴലിക്കാറ്റില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്ത നിരവധി മത്സ്യതൊഴിലാളികള്‍ ഉണ്ട്. അവര്‍ക്കായി ഇന്നും പ്രാര്‍ത്ഥനയും പ്രതീക്ഷകളുമായി കഴിയുകയാണ് കുടുംബം. പക്ഷേ ഇവരുടെ മക്കളുടെ ഭാവിയാണ് തുലാസിലായത്. പക്ഷേ പ്രതീക്ഷകളും താങ്ങുമായി പിണറായി സര്‍ക്കാര്‍ എത്തി. കാണാതായ തൊഴിലാളികളുടെ മക്കളുടെ വിദ്യഭ്യാസത്തിന്റെ പൂര്‍ണ്ണ ചിലവ് സര്‍ക്കാര്‍ വഹിക്കും.
തിരുവനന്തപുരം, കാസര്‍കോഡ് എന്നീ ജില്ലകളില്‍ നിന്ന് കാണാതായ മത്സ്യതൊഴിലാളികളുടെ മക്കളുടെ പഠന ചിലവാണ് സര്‍ക്കാര്‍ വഹിക്കുന്നത്. 318 കുട്ടികളുടെ ചിലവാണ് ഏറ്റെടുക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓഖി ഫണ്ടില്‍നിന്ന് 13.92 കോടി രൂപയാണ് ഇതിലേക്കു നീക്കിവെച്ചിരിക്കുന്നത്. ഇക്കൊല്ലം മുതല്‍ ഇവ നടപ്പാക്കുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.
എല്‍കെജി മുതല്‍ ഡിഗ്രി തലം വരെയുള്ള കുട്ടികളുടെ വസ്ത്രമടക്കമുള്ള പഠനച്ചെലവാണ് സര്‍ക്കാര്‍ നല്‍കുക. വിവിധ സ്കൂള്‍ ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന 194 പേര്‍ക്കും ഡിഗ്രി പഠനം കഴിഞ്ഞ 124 പേര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഓരോ ക്ലാസിലെത്തുമ്പോഴും അവരുടെ പഠനച്ചെലവനുസരിച്ചായിരിക്കും പണം അനുവദിക്കുക.
വര്‍ഷത്തില്‍ രണ്ടു തവണ പണം നല്‍കും. കുട്ടിയും രക്ഷിതാവും ഉള്‍പ്പെടുന്ന സംയുക്ത ബാങ്ക് അക്കൗണ്ടിലാണ് ഫിഷറീസ് വകുപ്പ് പണം നിക്ഷേപിക്കുന്നത്. 2037 വരെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാനും പണം അനുവദിക്കുമെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.