തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മുന്‍സുരക്ഷാ ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്തു. അവിടുത്തെ മുന്‍ സുരക്ഷാജീവനക്കാരനായ തിരുവനന്തപുരം വലിയവിള സ്വദേശി മോഹനനെയാണ് പോലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഇവിടുത്തെ ജോലി ഉപേക്ഷിച്ചു പോയത്. സന്ദീപാനന്ദ ഗിരിയുമായി വഴക്കുണ്ടാക്കിയാണ് ഇയാള്‍ പോയതെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തതത്.
എന്നാല്‍ വിവരശേഖരണത്തിന്റെ ഭാഗമായിട്ടാണ് ഇയാളെ ചോദ്യം ചെയ്യുന്നതെന്നും ഇയാളെ സംഭവുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പോലീസ് നല്കുന്ന സൂചന. നേരത്തെ സന്ദീപാനന്ദഗിരിയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നുവെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
നേരത്തെ ഒരാള്‍ ഓടുന്ന ദൃശ്യം സിസിടിവിയില്‍ നിന്നും ലഭിച്ചിരുന്നുവെങ്കിലും അത് തീപിടുത്തമുണ്ടായതിന് പിന്നാലെ അവിടെയെത്തിയ ഫയര്‍ഫോഴ്സ് വാഹനം കണ്ട് ഓടിവന്ന അയല്‍വാസിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.