തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കോടി വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. എക്സൈസ് സംഘമാണ് ഹാഷിഷ് പിടികൂടിയത്. മാലിയിലേക്ക് കടത്താനാണ് ലഹരിവസ്തു തിരുവനന്തപുരത്തെത്തിച്ചത്.
ഒരു 1.800 കിഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മാലിയിലേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്തുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നതിനായി സാമ്പിളായി എത്തിച്ചതായിരുന്നു ഇത്. എന്നാല്‍ ഇടപാട് നടക്കും മുന്‍പ് സംഗീത കോളേജ് പരിസരത്ത് വച്ച് പ്രതികള്‍ പിടിയിലായി.
മൊത്ത വിതരണക്കാരനായ ഇടുക്കി സ്വദേശി ഷാജി, ഇടനിലക്കാരന് മെല്വിന്, സഹായി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിക്കുന്നത്.
തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 40 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഈ കേസുകളിലെല്ലാം പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് ഷാജി. ഒളിവിലായ മാലി സ്വദേശിക്കായി അന്വേഷണം തുടരുകയാണ്.