തിരുവനന്തപുരം: പരാധീനതയുടെയും പ്രശ്നങ്ങളുടേയും നടുവില്‍ കേരള കൗമാര കായിക മേളക്ക് നാളെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമാകും. ചെലവ് ചുരുക്കലിന്റെ ഭാഗമായി മീറ്റ് മൂന്ന് ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍, ദീപശിഖ പ്രയാണം, മാര്‍ച്ച് പാസ്റ്റ് എന്നിവയും ഒഴിവാക്കി.
ടീമുകളുടെ രജിസ്ട്രേഷന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ എസ്എംവിഎച്ച്എസ്എസില് ആരംഭിക്കും. 17 സ്കൂളുകളിലാണ് കുട്ടികള്‍ക്ക് താമസസൗകര്യം. 26ന് രാവിലെ ഏഴിന് ആദ്യദിനത്തെ മത്സരം ആരംഭിക്കും. 28 വരെയാണ് മീറ്റ്.
ജില്ലകളില്‍നിന്നുള്ള ടീമുകള്‍ വ്യാഴാഴ്ച എത്തും. 1786 താരങ്ങളാണ് മത്സരത്തിനിറങ്ങുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞവര്‍ഷം നടന്ന മീറ്റില്‍ 2558 താരങ്ങളാണ് പങ്കെടുത്തത്. റവന്യു ജില്ലതല മത്സരങ്ങളില്‍ മൂന്നാം സ്ഥാനം നേടിവരെ സംസ്ഥാന മീറ്റില്‍ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം വന്നതോടെയാണ് എണ്ണൂറോളം താരങ്ങള്‍ ഇക്കുറി കുറഞ്ഞത്.
മൂന്ന് വിഭാഗങ്ങളില്‍ 96 മത്സര ഇനങ്ങളാണുള്ളത്. കഴിഞ്ഞവര്‍ഷം 95 ഇനങ്ങളിലായിരുന്നു മത്സരം. ചാമ്പ്യന്‍ സ്കൂളുകള്‍ക്ക് എവര്‍റോളിങ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ വന്‍ തോതില്‍ പ്രതിഷേധമുണ്ട്.