തിരുവനന്തപുരം: തിരുവനന്തപുരത്തെ പകല്‍കൊള്ളയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നത്. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് 115 രൂപയാണ് ഈടാക്കിയത്. വെയിലില്‍ തളര്‍ന്ന യുവാവ് വെള്ളം കുടിയ്ക്കാന്‍ കയറിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ സമൂഹമാധ്യങ്ങള്‍ വഴി പങ്കുവെച്ചതോടെയാണ് പകല്വെള്ള സമൂഹത്തിനു മുന്പില് വെളിപ്പെടുന്നത്.
ഒരു ഗ്ലാസ് ജിഞ്ചര്‍ നാരങ്ങാ വെള്ളമാണ് പറഞ്ഞത്. ബില്ല് കണ്ടതോടെയാണ് പകല്‍ കൊള്ള എത്രത്തോളമാണെന്ന് വെളിപ്പെട്ടത്. ബില്ല് ഉള്‍പ്പടെ നല്‍കിയാണ് അബ്ദുള്‍ അലീഫ് എന്ന വ്യക്തി കുറിപ്പ് പങ്കുവെച്ചത്. വിലകേട്ടുള്ള ഷോക്ക് തീരാന്‍ പുറത്തിറങ്ങി മറ്റൊരു ബേക്കറിയില്‍ നിന്നും 12 രൂപ നല്കി ഒരു നാരങ്ങാ വെള്ളം കൂടി കുടിച്ചപ്പോഴാണ് ആശ്വാസമായതെന്നും ഇദ്ദേഹം പോസ്റ്റില്‍ പറയുന്നു. അല്ല കോയ, ശരിക്കും ഒരു ജിഞ്ചര്‍ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..?? എന്ന് ചോദിച്ചകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
അബ്ദുള്‍ അലീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തില്‍ കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം, കൊണ്ട് വന്നു സെര്‍വ് ചെയ്ത ഗ്ലാസ്സിനു പോലും മിനിമത്തില്‍ കവിഞ്ഞ അഴകൊന്നുമില്ല.. അല്പം ഇഞ്ചിനീര് ചേര്‍ത്ത സാധാ നാരങ്ങാ (സോഡാ നഹീ..ഒണ്‍ലി വെള്ളം.. പിന്നെ മിന്റ് ബില്ലിലെയുള്ളൂ ആ ഐറ്റം ഇല്ലന്ന് ആദ്യമേ പറഞ്ഞിരുന്നു) ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല..!
പിന്നെ നേരെ ഒരു സാദാ സീദാ ജ്യൂസ് പാര്‍ലറില്‍ പോയി 12 രൂപയുടെ അതേ തരം നാരങ്ങാ വെള്ളം കുടിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും സമാധാനമായത്..
അല്ല കോയ, ശരിക്കും ഒരു ജിഞ്ചര്‍ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??