തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്ത്രീപ്രവേശനത്തിന്റെ പേരില്‍ 20ഓളം പേരുടെ ചോരയൊഴുക്കാന്‍ പദ്ധതിയിട്ടത് വൈകൃത മനസ് ആയതുകൊണ്ടാണെന്നും അദ്ദേഹം തുറന്നടിച്ചു. ശബരിമലയില്‍ എന്തിനാണ് അക്രമം കോപ്പുകൂട്ടിയതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളോട് രാഹുല്‍ ഈശ്വര്‍ വിശദീകരണമെന്നും കടകംപള്ളി പറഞ്ഞു.
രാഹുല്‍ ഈശ്വറും സംഘവും നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്. രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ക്ക് നില്‍ക്കാനുള്ള ഇടമല്ല ശബരിമല. ഭക്തര്‍ക്ക് മാത്രമായ ഇടമാണ് അവിടം. അവര്‍ അവിടെ വരികയും തൊഴുത് തിരിച്ച് പോകുകയും വേണം. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന പ്രസ്താവന രാഹുല്‍ ഈശ്വര്‍ ഇന്നലെ തിരുത്തിയിരുന്നു.
എന്നാല്‍ യുവതികളെ തടയാന്‍ ആളുകള്‍ ഏതറ്റം വരെയും പോകുമായിരുന്നെന്നും അവരെ പിന്തിരിപ്പിക്കുകയാണ് താന്‍ ചെയ്തതെന്നുമായിരുന്നു രാഹുലിന്റെ പുതിയ വിശദീകരണം. ഗാന്ധി മാര്‍ഗം കൈവെടിയരുതെന്നാണ് താന്‍ അവരോട് പറഞ്ഞത്. പിണറായി വിജയന്റെ പൊലീസ് പരാജയപ്പെട്ടത് അയ്യപ്പനോട് ആണെന്നും അതിനെ ഒരു ഈഗോ ഇഷ്യു ആയി ഇതിനെ കാണരുതെന്നും രാഹുല്‍ പറഞ്ഞിരുന്നു.