കോഴിക്കോട്: കൊയിലാണ്ടിയില്‍ ഇതരസംസ്ഥാനക്കാരായ കുടുംബത്തിനും നേരെ ആക്രമണം. പ്രതിമ നിര്‍മ്മാണ തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിമ വാങ്ങാനെത്തിയ 6 അംഗ സംഘമാണ് ആക്രമിച്ചത്. അക്രമികളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.
രാജസ്ഥാന് സ്വദേശികളായ ശിവലാല്‍, ഭാര്യ ധനി, മക്കളായ ഇന്ദര്‍, കൈലാസ്, ബന്ധു ബാബുലാല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ആറംഗ സംഘം പ്രതിമകള്‍ വാങ്ങാനെത്തി. വിലയെച്ചൊല്ലി തര്‍ക്കമായതോടെ പ്രതിമ നല്കാന് ശിവലാല്‍ തയ്യാറായില്ല. പ്രകോപിതരായ യുവാക്കള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ശിവലാല്‍ പറയുന്നു. വില്‍പ്പനക്ക് വച്ചിരുന്ന പ്രതിമകളും അടിച്ച് തകര്‍ത്തു.
നാട്ടുകാര്‍ എത്തിയാണ് അക്രമികളെ കീഴടക്കിയത്. പന്തീരാങ്കാവ് സ്വദേശികളായ സുദീഷ്, സജിത്ത്, ഷിബിന്‍ ലാല്‍, അര്ജുന്, ജിഷ്ണു, പ്രദീപന്, എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്. യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. നാട്ടുകാരുടെ കയ്യേറ്റത്തില്‍ യുവാക്കള്‍ക്കും പരിക്കുണ്ട്.
ശിവലാലും കുടുംബവും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപത് വര്‍ഷത്തിലധികമായി ഇവര്‍ കൊയിലാണ്ടിയില്‍ പ്രതിമവില്പ്പന നടത്തിവരികയാണ്. ശിവലാലിന്റെയും കുടുംബത്തിന്റെയും മൊഴിരേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.