കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ പമ്പയിലും നിലയ്ക്കലിലും നടത്തിയ അക്രമങ്ങളില്‍ വ്യാപക അറസ്റ്റ്. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് അറസ്റ്റുകള്‍ കൂടുതലും നടന്നിട്ടുള്ളത്. അക്രമത്തില്‍ ഇനിയും കൂടുതല്‍ പേര് കുടുങ്ങുമെന്ന് പോലീസ് അറിയിച്ചു. എറണാകുളം റൂറലില്‍ 75 പേര്, തൃപ്പൂണിത്തുറയില്‍ 51 പേര് എന്നിങ്ങനെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കു ശേഷവും രാത്രിയിലുമായാണ് അറസ്റ്റുകളുണ്ടായത്. വഴിതടയല്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. സംസ്ഥാന ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
അക്രമം നടത്തിയവരെ തിരിച്ചറിയുന്നതിന് 210 പേരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍, കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളുടെ പേരിലാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസം അക്രമത്തിന് ആഹ്വാനം ചെയ്തവരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് നടന്നിട്ടുള്ളത്. ലുക്ക് ഔട്ട് നോട്ടീസിലെ 15 പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.