തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആശയങ്ങളെ സ്വാഗതം ചെയ്ത് എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാരദക്കുട്ടി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിന്തുണ അറിയിച്ചത്. വിശ്വാസികള്‍ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും ക്ഷേത്രത്തിന്റെ നിലനില്‍പ്പിനും നന്മക്കും വേണ്ടി സമാധാനത്തിന്റെ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു. തലയില്‍ വെളിച്ചമുള്ളവര്‍ക്കു മനസ്സിലാക്കാന്‍ ഈ വാക്കുകള്‍ മതിയെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
സന്നിധാനത്തു തമ്പടിച്ചവര്‍ വിശ്വാസികളല്ല, വിശ്വാസികള്‍ തെറി വിളിക്കുകയോ കലാപത്തിനു കോപ്പു കൂട്ടുകയോ ചെയ്യില്ല. ആരാണ് സമാധാനത്തിന്റെ കാറ്റ് കടക്കാന്‍ അനുവദിക്കാത്തതെന്ന് വിശ്വാസത്തിന്റെ പേരില്‍ കലാപമുണ്ടാക്കുന്നവരെ പിന്തുണക്കുന്നവര്‍ ശാന്തമായി ആലോചിക്കണമെന്നും ശാരദക്കുട്ടി ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
‘നൈഷ്ഠികബ്രഹ്മചാരിയാണ് പ്രതിഷ്ഠയെങ്കില്‍ പൂജാരിയും ബ്രഹ്മചാരിയായിരിക്കണം’. പത്തനംതിട്ടയിലെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്.നമ്മുടെ തന്ത്രിമാരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാമല്ലോ, അത് ഗൃഹസ്ഥാശ്രമത്തിനുമപ്പുറത്തേക്ക് എവിടേക്കൊക്കെ പോയി എന്നതുമോര്‍ക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പിന്നെയും ചിലതു പത്രസമ്മേളനത്തില്‍ പറഞ്ഞു
വിശ്വാസികള്‍ ശാന്തരാണ്, അവര്‍ തെറി വിളിക്കുകയോ കലാപത്തിനു കോപ്പു കൂട്ടുകയോ ചെയ്യില്ല. സന്നിധാനത്തു തമ്പടിച്ചവര്‍ വിശ്വാസികളല്ല.
കോന്തല തുമ്പിലാണ് അധികാരത്തിന്റെ താക്കോലെന്ന് കരുതരുത്,,,,,
തന്ത്രി പൂട്ടി താക്കോല്‍ കൊണ്ടു പോയാലും ക്ഷേത്രമവിടെത്തന്നെയുണ്ടാകും.
വിശ്വാസികള്‍ക്കു വേണ്ടിയാണ്, ക്ഷേത്രത്തിന്റെ നിലനില്‍പ്പിനും നന്മക്കും വേണ്ടിയാണ്, സമാധാനത്തിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന്, തലയില്‍ വെളിച്ചമുള്ളവര്‍ക്കു മനസ്സിലാക്കാന്‍ ഇത്രയും മതി..
ആരാണ് സമാധാനത്തിന്റെ കാറ്റ് കടക്കാന്‍ അനുവദിക്കാത്തതെന്ന് വിശ്വാസത്തിന്റെ പേരില്‍ കലാപമുണ്ടാക്കുന്നവരെ പിന്തുണക്കുന്നവര്‍ ശാന്തമായി ആലോചിക്കട്ടെ.