കണ്ണൂര്‍: ബിജെപിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ 27-ന് കണ്ണൂരിലെത്തും. പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലിറങ്ങി അവിടെനിന്ന് കാര്‍മാര്‍ഗം കണ്ണൂരിലെത്താനായിരുന്നു പരിപാടി. രാവിലെ 10-നാണ് ഉദ്ഘാടനം. അന്നുതന്നെ തിരുവനന്തപുരത്തും അമിത്ഷായ്ക്ക് പരിപാടിയുണ്ട്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചാല്‍ സൗകര്യമാവുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചതിനെ തുടര്‍ന്ന് അതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം ഇറങ്ങുന്ന യാത്രക്കാരനായിരിക്കും അമിത്ഷാ.
ഡല്‍ഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനത്തിലാണ് അമിത്ഷാ എത്തുന്നത്. വിമാനക്കമ്പനിയും ബിജെപിയും കണ്ണൂരില്‍ വിമാനം ഇറക്കുന്നതിനുള്ള അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും മറ്റ് അധികൃതര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. സാങ്കേതികപ്രശ്നങ്ങളൊന്നുമില്ലെങ്കില് അനുമതി ലഭിക്കും.