തിരുവനന്തപുരം: ‘എഎംഎംഎ’ എന്ന സംഘടന എല്ലാ രീതിയിലും പുരുഷ മാഫിയയാണെന്ന് നടി റിമ കല്ലിങ്കല്‍. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടിയെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെ എന്നും റിമാ പറഞ്ഞു.
മോഹന്‍ലാലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു മഹാനടനെ അപമാനിക്കുന്നു എന്നാണല്ലോ എഎംഎംഎയുടെ വക്താക്കള്‍ ആരോപിക്കുന്നത് എന്ന ചോദ്യത്തിന് അത് ഭയങ്കര കോമഡിയായിട്ടാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു റിമയുടെ മറുപടി.
” ഒരു ഇന്‍ഡസ്ട്രിയോട്, കുറേ ആളുകളോട് നമ്മള് സംസാരിക്കാനിരിക്കുമ്പോള്‍ ഇവരെല്ലാവരും ഒരു മോഹന്‍ലാലിന്റെ പിറകിലൊളിച്ചു. ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് വളരെ ബാലിശമാണ്. എന്ത് പറഞ്ഞാലും മോഹന്‍ലാല്‍.. മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഫാന്‍സ് ക്ലബ്ബുകാര് ബഹളമുണ്ടാക്കുന്നു. ഞങ്ങള്‍ മോഹന്‍ലാലിനെ കുറിച്ചല്ല സംസാരിച്ചുകൊണ്ടിരിക്കുന്നത്. എഎംഎംഎ എന്ന സംഘടനയുടെ പ്രസിഡന്റിനെ കുറിച്ചാണ്”- റിമ പറയുന്നു.
കൃത്യമായൊരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് തങ്ങള്‍ എടുത്ത എല്ലാ നിലപാടിനും മുകളിലായേനെയെന്നും അത് കാര്യങ്ങള്‍ മാറ്റിമറിച്ചേനെയെന്നും റിമ പറയുന്നു. കസബ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ. -റിമ പറയുന്നു.
എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോള്‍ കറക്ട് ആയി മോഹന്‍ലാല്‍ വന്നത് എന്തുകൊണ്ടാണെന്ന് കൂടി നമ്മള് ചിന്തിക്കണം. അവര്‍ അവരുടെ ട്രംപ് കാര്‍ഡ് ഉപയോഗിച്ച് കളിക്കുന്നു. അതാണ് അവര്‍ കൊണ്ടുവരുന്ന ഉത്തരം.
മോഹന്‍ലാലിന് പിന്നില്‍ എഎംഎംഎ ഒളിച്ചിരിക്കുകയാണ്. വിഷയത്തെ എത്രവഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ വിഷയമല്ല. രണ്ടുപേരിലേയും ആര്‍ട്ടിസ്റ്റിനെ ഞാനും ബഹുമാനിച്ചിട്ടുണ്ട്. ബഹുമാനിക്കുന്ന ആളുകള്‍ നമ്മളേക്കാള്‍ ഒരുപാട് മുകളിലല്ലേ? അവര്‍ക്കെന്താ നമ്മള് പറയുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസിലാവത്തത് എന്ന ആശങ്ക തീര്‍ച്ചയായും ഉണ്ട്. അവര്‍ക്ക് മനസിലാവുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ എങ്ങനെയാണ് മനസിലാക്കാന്‍ പോകുന്നത്-റിമ ചോദിക്കുന്നു.