കോട്ടയം: മനോരമയുടെ കണ്ണില്‍ച്ചോരയില്ലാത്ത മോട്ടോര്‍ വാഹനവകുപ്പിന്റെ വാര്‍ത്ത പൊളിച്ചടുക്കി കേരളാ പോലീസ്.
ഇന്നലെ കോട്ടയം പാമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്നാണ് മനോരമ ന്യൂസ് മോട്ടോര്‍ വാഹനവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വാര്‍ത്തയുമായി എത്തിയത്. അപകടം നടക്കുമ്പോള്‍ അതു വഴിയെത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താതെ കടന്നു കളഞ്ഞുവെന്നായിരുന്നു മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത.
അപകടം നടന്നപ്പോള്‍ എതിര് ദിശയില്‍ മോട്ടാര്‍ വാഹനവകുപ്പിന്റെ വാഹനം വരുന്നത് സിസിടിവിയിലുണ്ട്. രക്ഷാപ്രവര്‍ത്തിന് ഓടിയെത്തുന്ന ആളുകളില്‍ ഇടിക്കാതിരിക്കാന്‍ നോക്കിയ വാഹനം അപകടം കണ്ടിട്ടും നിര്‍ത്താതെ മുന്നോട്ട് പോയെന്നും, ഒരുപടികൂടി കടന്ന് നിര്‍ത്താതെ പോയ മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചെന്നും വരെ മനോരമ വാര്‍ത്ത നല്കി.
എന്നാല്‍ അപകടസ്ഥലത്ത് നിന്നും മാറ്റി മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനം സമീപത്തുതന്നെ നിര്‍ത്തുന്നത് മറ്റൊരു സിസിടിവിയില്‍ വ്യക്തമാണ്. കോട്ടയം ജോയിന്റ് ആര്‍ടിഒ ഹരികൃഷ്ണന് ആണ് വാഹനത്തില്‍ യാത്ര ചെയ്തത്. വിവരങ്ങള്‍ അന്വേഷിച്ച് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടാതെ വിധം തന്റെ വാഹനം മുന്‍പിലേക്ക് മാറ്റി നിര്‍ത്തിയതിന് ശേഷം വാഹനത്തില്‍ നിന്ന് ഇറങ്ങി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പോലീസും ഫയര്‍ഫോഴ്സും മറ്റ് രക്ഷാപ്രവര്‍ത്തകരും എത്തിയതിന് ശേഷമാണ് അദ്ദേഹം യാത്ര തുടര്‍ന്നതും.
എന്നാല്‍ എല്ലാ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കാനുള്ള ക്ഷമകാട്ടാതെയാണ് മനോരമ ന്യൂസും ഓണ്‍ലൈനും വ്യാജവാര്‍ത്ത ചമച്ചത്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എല്ലാ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടത്.