തിരുവനന്തപുരം: സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് സ്ത്രീ പ്രവേശനത്തെച്ചൊല്ലി ചിലര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ രമേശ് ചെന്നിത്തല.
കേരളത്തിലെ തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണെന്നും അത് മനസിലാക്കാന്‍ സര്‍ക്കാരിനാവുന്നില്ലെന്നും കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നില്ക്കാന് ദേവസ്വം ബോര്‍ഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് നിലപാട്. ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല. ഭരണഘടന ഭേദഗതിയിലൂടെയേ വിധിയെ മറികടക്കാനാകൂയെന്നും ചെന്നിത്തല പറഞ്ഞു.