ചിറ്റൂര്‍: ചിറ്റൂര്‍ നഗരത്തെ ഞെട്ടിച്ച കൊലപാതകമാണ് കഴിഞ്ഞ ദിവസം മാണിക്യന്റെ വീട്ടില്‍ നടന്നത്. കുടുംബവഴക്കിന്റെ പേരില്‍ ഉറങ്ങിക്കിടക്കുന്ന ഭാര്യയെയും രണ്ട് മക്കളെയും വെട്ടിനുറുക്കുകയായിരുന്നു. അര്‍ധരാത്രിയില്‍ നടന്ന സംഭവം നേരം പുലരുമ്പോഴാണ് സമീപ വാസികളും ഞെട്ടലോടെ കൊലപാതക വിവരം അറിയുന്നത്. ഒന്നുമറിയാതെ പിതാവിന്റെ കത്തി മുനയില്‍ ഇരയായ പിഞ്ചോമനകളെ കാണാന്‍ ഒരു നാട് മുഴുവനുമാണ് ഒഴുകിയെത്തിയത്. ഇതോടെ വീടും ചുറ്റുപാടും കണ്ണീര് കടലായി.
കുടുംബവഴക്കിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ മക്കളെയും എന്തിന് ഇല്ലാതാക്കി എന്ന ചോദ്യത്തിന് മാണിക്യനുണ്ട് ഒരു മറുപടി. ‘മക്കള്‍ വലുതാകുമ്പോ അമ്മയെ കൊന്നത് എന്തിനാണെന്നു ചോദിക്കാതിരിക്കാനാണ് അവരെയും കൊന്നത്’ മാണിക്യന് പറയുന്നു. ഞായറാഴ്ച രാത്രിയാണ് ഭക്ഷണത്തിനുശേഷം ഉറങ്ങിക്കിടന്ന ഭാര്യയും മക്കളും ഇയാള്‍ വെട്ടിനുറുക്കിയത്. രാത്രി 12 മണിവരെ ഉച്ചത്തില്‍ പാട്ട് വെച്ചു. തുടര്‍ന്നു വെളുപ്പിനു 12നും 3നും ഇടയില്‍ ഇവരെ വെട്ടുകയായിരുന്നു.
മൂവരെയും ഉറക്കത്തില്‍ തന്നെ കൊലപ്പെടുത്തിയതിനാല്‍ ശബ്ദം പുറത്തു കേട്ടില്ല. തൊട്ടടുത്തു തന്നെ വാടകയ്ക്കു താമസിക്കുന്നവര്‍ പോലും സംഭവം അറിഞ്ഞിരുന്നില്ല. 3 പേരുടെയും കഴുത്തിനാണു വെട്ടേറ്റത്. ഇയാള്‍ ആക്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിച്ച മകന് മനോജിന്റെ കൈകളിലും വെട്ടേറ്റിട്ടുണ്ട്. കൊലപാതക ശേഷം വീട്ടില്‍നിന്നു പുറത്തിറങ്ങിയ ഇയാള്‍ ചന്ദനപ്പുറത്തുള്ള ചെറിയമ്മയുടെ വീട്ടിലെത്തി തന്റെ തിരിച്ചറിയല്‍ രേഖകളും 25000 രൂപയും ഏല്‍പ്പിച്ചെന്നു പോലീസിനോടു സമ്മതിച്ചു.