ജലന്ധര്‍: ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാദര്‍ കുര്യാക്കോസിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മെഴി നല്കിയ വൈദികനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അകാലമരണത്തില്‍ ദുരൂഹത വെളിപ്പെടുത്തി വൈദികന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഈ സാഹര്യത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
കൊലപാതകമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വൈദികന്റെ കുടുംബം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴയില്‍ കൊണ്ടുവന്ന് സംസ്കരിക്കണമെന്ന് സഹോദരന് ആവശ്യപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം വൈദീകന്റെ ബന്ധുക്കള്‍ മരണം നടന്ന ദസൂയയില്‍ എത്തിയ ശേഷമായിരിക്കും നടക്കുക. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം മാറ്റിവെച്ചത്.
വൈദികന്റെ മരണത്തില്‍ നിലവില്‍ അസ്വഭാവികതയില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം ഗൗരവമുണ്ടെങ്കില്‍ അന്വേഷണം നടത്താമെന്നുമാണ് പഞ്ചാബ് പോലീസിന്റെ നിലപാട്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത പൂച്ചാക്കല്‍ പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ ദൗസയിലെ പള്ളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
കട്ടിലില്‍ ഛര്‍ദ്ദിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്തുനിന്ന് രക്തസമ്മര്‍ദ്ദത്തിന്റെ ഗുളികളും പോലീസ് കണ്ടെടുത്തിരുന്നു.ഫ്രാങ്കോമുളയ്ക്കല്‍ അദ്ദേഹത്തെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും വൈദികന്റെ വാഹനവും വീടും നേരത്തെ ആക്രമിച്ചതിന് പിന്നില്‍ ബിഷപ്പാണെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.