കൊച്ചി: ശബരിമല കയറിയതിനു പിന്നാലെ ബിഎസ്എന്‍എല്‍ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. അഞ്ച് വര്‍ഷം മുന്‍പ് ശ്രമിച്ചിട്ട് നടക്കാതിരുന്ന സ്ഥലമാറ്റമാണ് ശബരിമല കയറിയപ്പോള്‍ സംഭവിച്ചതെന്നായിരുന്നു രഹ്നയുടെ പ്രതികരണം. അതില്‍ താന്‍ സന്തോഷിക്കുന്നു എന്നു കൂടി രഹ്ന വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് രണ്ട് മിനിറ്റു കൊണ്ട് നടന്നെത്താം. തനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണേയെന്നും രഹ്ന കുറിച്ചു. കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.
സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്ന് ബിഎസ്എന്‍എല്‍ പറയുന്നത്. രഹ്നയ്ക്കെതിരെ ആഭ്യന്തര അന്വേഷണവും ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടുണ്ട്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് രഹ്നയ്ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന ബിഎസ്എന്‍എല്‍ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സ്വാമി ശരണം
5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.
ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ…