പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്. ഒരു പ്രശ്നമുണ്ടാവുമ്പോള്‍ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് പോലെ തന്ത്രിയെപ്പോലൊരാള്‍ ചെയ്യരുതെന്നായിരുന്നു എകെ ബാലന്റെ വിമര്‍ശനം. യുവതികള്‍ കയറിയാല്‍ ശ്രീകോവില്‍ പൂട്ടി പോകുമെന്ന തന്ത്രിയുടെ നിലപാടിന്റെ പശ്ചാത്തലത്തിലായിരുന്നു എകെ ബാലന്റെ വിമര്‍ശനം.
ശബരിമലയില്‍ ഒരു വെടിവെപ്പുണ്ടാക്കാന്‍ ആയിരുന്നു ബിജെപി ആര്‍എസ്എസ് ശ്രമമെന്നും അതുകൊണ്ടാണ് പോലീസ് അവിടെ സംയമനം പാലിച്ചതെന്നും എകെ ബാലന് പറഞ്ഞു.
കേരളത്തിന് ബിജെപി ശാപമായി മാറിയിരിക്കുകയാണ്. സിപിഐ എമ്മിന്റെ പ്രധാന ഹിന്ദു വോട്ടുകള്‍ പാര്‍ട്ടിക്ക് എതിരെ തിരിക്കാനാണ് ബിജെപിയുടെ ശ്രമം. അത് നടക്കാതിരുന്നപ്പോഴാണ് ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. വിഷലിപ്തമായ പ്രചാരണങ്ങളാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നടത്തുന്നതെന്നും ബാലന് ആരോപിച്ചു.