കഴക്കൂട്ടം: കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയ മേരി സ്വീറ്റിയുടെ കഴക്കൂട്ടത്തെ വീടാക്രമിച്ച രണ്ടുപേരെ തുമ്പ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് വീടാക്രമണവുമായി ബന്ധപ്പെട്ട സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്.
മേരി സ്വീറ്റിയുടെ മാതാപിതാക്കള്‍ താമസിക്കുന്ന കഴക്കൂട്ടം മൈത്രി നഗറിലെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മേരി സ്വീറ്റി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ദിവസമാണ് വീട് ആക്രമിക്കപ്പെട്ടത്. വീട്ടിലെത്തിയ സംഘം വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രാത്രിയോടെ മൂന്ന് ബൈക്കുകളിലായെത്തി വീടിന്റെ ജനാലകള്‍ തല്ലിതകര്‍ക്കുകയും ചെയ്തതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.
മേരി സ്വീറ്റി താമസിക്കുന്ന മുരുക്കുംപുഴയിലെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മംഗലപുരം പോലീസും മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആരെയും പിടികൂടിയിട്ടില്ല.