തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതല്‍ മുറുക്കി ഫാദര്‍ കുര്യാക്കോസിന്റെ മരണം. കേസില്‍ പ്രധാന മൊഴി മരിച്ച ഫാദിറിന്റേതായിരുന്നു. അദ്ദേഹത്തിന്റെ മരണം ഫ്രാങ്കോയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇപ്പോള്‍ ഫ്രാങ്കോയ്ക്കെതിരെ പരസ്യമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കുര്യാക്കോസിന്റെ സഹോദരന് ജോസ്. അദ്ദേഹത്തിന്റെ മരണം കൊലപാതകം തന്നെയാണെന്ന് ജോസ് ആവര്‍ത്തിച്ചു പറഞ്ഞു.
അച്ചനെ കൊന്നതാണെന്നും അദ്ദേഹത്തിന് ജീവന് ഭീഷണിയുണ്ടായിരുന്നെന്നും ജോസ് വെളിപ്പെടുത്തി. പല തലങ്ങളില്‍ നിന്നും അച്ചന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. വണ്ടി തകര്‍ത്തു. വീടിന് നേരെ കല്ലേറുമുണ്ടായിരുന്നു- ജോസ് പറയുന്നു. മുന്നോട്ടുള്ള കാര്യമോര്‍ത്ത് വലിയ ആശങ്കയുണ്ടെന്നും, ഫാദര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ജോസ് വ്യക്തമാക്കി.
ബിഷപ്പിന് ജാമ്യം ലഭിച്ച് ജലന്ധറില്‍ എത്തിയാല്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. ജോസ് വെളിപ്പെടുത്തി. വൈദികന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ജലന്ധറിലെ ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ഫാ. കുര്യാക്കോസ് കാട്ടുത്തറയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലന്ധറിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് മരണം നടന്നതെന്നാണ് സൂചന. ഫാങ്കോയ്ക്കെതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരില്‍ മുന്‍പ് പല തവണയും ഇദ്ദേഹം പ്രതിഷേധം നേരിട്ടിരുന്നു. ഫ്രാങ്കോക്കെതിരെ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായ വൈദികനായിരുന്നു ഇദ്ദേഹം.