തിരുവനന്തപുരം; സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങി. ഒക്ടോബര്‍ 12ന് തുലാവര്‍ഷം തുടങ്ങുമെന്ന് അറിയിപ്പുണ്ടായെങ്കിലും പിന്നീട് കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. കാലവര്‍ഷത്തിന്റെ പിന്മാറല് പൂര്‍ണമായിട്ടുണ്ട്. 26ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
സെപ്തംബര്‍ 30ന് കാലവര്‍ഷം തീര്‍ന്നശേഷം ഇതുവരെ സംസ്ഥാനത്ത് ശരാശരിയേക്കാള്‍ 45 ശതമാനം കൂടുതല്‍ മഴ കിട്ടി. ഒക്ടോബര്‍ ഒന്നുമുതല്‍ ഇതുവരെ 235 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സെപ്തംബര്‍ 30നുശേഷം കിട്ടുന്ന മഴയെ തുലാവര്ഷമായാണ് കണക്കാക്കുക. കേരളത്തില്‍ ഇതിന്റെ സ്വാധീനം നവംബര്‍ 30 വരെയുണ്ടാകും.
പൊതുവേ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമാണ് തുലാവര്‍ഷം ശക്തമാകാറ്. എന്നാല്‍ ഇപ്പോഴുള്ള മഴ എല്ലാ ജില്ലകളിലുമുണ്ട്. തുലാവര്‍ഷത്തിന്റെ ആഗമനമറിയിച്ചുള്ള മഴയാണിതെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശരാശരി 480 മില്ലീമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. ഇത്തവണ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.