പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം മുതല്‍ വന്‍ പ്രതിക്ഷേധമാണ് അരങ്ങേറിയത്. വിധി വന്നതിന് പിന്നാലെ വിവിധയിടങ്ങളില്‍ നിന്നും നിരവധി സ്ത്രീകളാണ് മല ചവിട്ടാനെത്തിയത്. യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്ന ചുമതല ഐ ജി എസ് ശ്രീജിത്തിനായിരുന്നു. മാസപൂജയ്ക്കായി ശബരിമല നട തുറന്നതു മുതല്‍ പമ്പയിലും സന്നിധാനത്തുമായി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സ്ത്രീകള്‍ സന്നിധാനം വരെ എത്തിയത്.
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പുമായി നിന്ന ഭക്തരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കും ക്രമസമാധാന പ്രശ്നത്തിലേക്കും വഴിമാറാതെ നോക്കിയതില്‍ ശ്രീജിത്തിന്റേയും സംഘത്തിന്റേയും അവസരോചിതമായ ഇടപെടലും ഉണ്ടായിരുന്നു.
ഇപ്പോള്‍ ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയില്‍ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദര്‍ശിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെയാണ് ശ്രീജിത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കാണാം.
ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ വിമെന്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മോജോ ടിവി റിപ്പോര്‍ട്ടര്‍ കവിതാ കോശിയും ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ ശബരിമല നടയുടെ പതിനെട്ടാംപടിക്ക് ഇരുനൂറ് മീറ്റര്‍ അകലെ നടപ്പന്തലില്‍ എത്തിച്ചത്. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയിരുന്നു. നടപ്പന്തലിലെ പ്രതിഷേധക്കാരോട് ഐജി സംസാരിച്ചത് വിശ്വാസികളുടെ ഭാഷയിലായിരുന്നു. തന്റെ സുരക്ഷാകവചവും ഹെല്‍മറ്റും അഴിച്ചുവച്ച ശേഷമായിരുന്നു ഇത്.
ശ്രീജിത്തിന്റെ വാക്കുകളിലേക്ക്….
‘മറ്റ് വിശ്വാസകളെ പോലെ ഞാനും ഭക്തനാണ്. എന്നാല്‍, സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട്. നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയായിരുന്നു. നിയമം നടപ്പാക്കേണ്ട ബാധ്യതയുള്ളതിനാലാണ് താന്‍ അവര്‍ക്ക് സുരക്ഷ ഒരുക്കിയതെന്നും ഐജി വിശ്വാസികളായ പ്രതിക്ഷേധകരോട് പറഞ്ഞു’. ഐജിയുടെ ഈ വാക്കുകളെ സമാധാനപരമായാണ് ഭക്തര്‍ കേട്ടുനിന്നത്. പിന്നീട് പ്രതിഷേധം ശക്തമായതോടെ യുവതികള്‍ ദര്‍ശനം നടത്താതെ മടങ്ങുകയായിരുന്നു.