തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികപീഡനക്കേസ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തത് ശബരിമല വിവാദം വഴിതിരിച്ചുവിടാനാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിനെ നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സരിതാ നായരുടെ പരാതിയില്‍ ഇന്നലെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പടെയുള്ള കുറ്റത്തിനും കെസി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
സോളാര്‍ അന്വേഷണ കമ്മീഷനായ ശിവരാജ് കമ്മീഷന് റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഓരോരുത്തര്‍ക്കും എതിരെ പ്രത്യേകം പ്രത്യേകം പരാതി നല്കുകയാണെങ്കില് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സരിതയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു.
അതേസമയം കേസന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തിനാണ് നല്‍കിയിരിക്കുന്നത്. എസ്പി അബ്ദുല്‍ കരിമീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് കീഴിലാണ് പുതിയ അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.