ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പ്രതിഷേധവുമായി സോളി സൊറാബ്ജി. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്‍ അറ്റോര്‍ണി ജനറലും ഭരണഘടനാവിദഗ്ധനുമായ സോളി സൊറാബ്ജി പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നാണ് ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. നിയമത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാവരും വിധിയെ അംഗീകരിച്ചേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ നിയമവഴി തേടാം. അതല്ലാതെ, ക്ഷേത്രത്തില്‍ പോകാന്‍ ശ്രമിക്കുന്ന സ്ത്രീകളെ തടയുന്നത് ഗുരുതര കുറ്റകൃത്യമാണ്. ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. സുപ്രീംകോടതി ഉത്തരവ് വ്യത്യാസമില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ കടമ. പോലീസിന്റെ കൃത്യനിര്‍വഹണം തടയുന്നത് അംഗീകരിക്കാനാകില്ല. വിഷയം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍, രാജ്യത്തിനുതന്നെ വലിയ ചീത്തപ്പേരുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഇത് കേരളത്തില്‍ സംഭവിച്ചു. നാളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഭവിക്കും. രാജ്യമൊട്ടാകെ ഈ വര്‍ഗീയജ്വരം പടരുമെന്ന ആശങ്കയുണ്ട് സോളി സൊറാബ്ജി ന്യൂസ് 18 ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പല രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യദൗത്യം മറന്ന്, സന്ദര്‍ഭം മുതലെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് കോടതിയില്നിന്നുണ്ടായിട്ടുള്ളത്. ആര്‍ത്തവംപോലെയുള്ള ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് മഠയത്തരമാണെന്നും സോളി സൊറാബ്ജി അഭിപ്രായപ്പെട്ടു.
വിധിയില്‍ നിയമപരമായ പാളിച്ച ഉണ്ടെങ്കിലേ പുനഃപരിശോധനാ ഹര്‍ജിക്ക് സാധ്യതയുള്ളൂവെന്നും സാധാരണ അപ്പീല്പോലെയാണ് പുനഃപരിശോധനാ ഹര്‍ജിയെന്ന് കരുതരുതെന്നും കോടതിവിധി നടപ്പാക്കുന്നത് വൈകിക്കാനല്ല പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.