തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത് വന്‍ പ്രതിക്ഷേധമായിരുന്നു. കുട്ടികളെ ഉപയോഗിച്ചും വന്‍ പ്രതിക്ഷേധമാണ് നടന്നത്.
എന്നാല്‍ പ്രതിഷേധങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് എതിരെ സാമൂഹ്യപ്രവര്‍ത്തകയും അധ്യാപികയുമായ ജെ ദേവിക സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്കി. നിയമവിരുദ്ധമായ സമരത്തിന് കുട്ടികളെ കവചമായി ഉപയോഗിക്കുകയാണ് എന്ന് പരാതിയില്‍ പറയുന്നു.
സംഘര്‍ഷം ഉണ്ടായാല്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കും എന്ന് ഭീഷണിപ്പെടുത്തി സമരത്തിന്റെ മുന്‍നിരയില്‍ കുട്ടികളെ നിര്‍ത്തുകയാണ് സമരക്കാര്‍ ചെയ്യുന്നത്. മുന്‍നിരയില്‍ നിര്‍ത്തുന്ന കുട്ടികളുടെ സുരക്ഷയെ കരുതി സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് തിരിച്ചുപോരേണ്ടി വരണ്ട അവസ്ഥയാണ്. സന്നിധാനത്തുനിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകളിലും വീഡിയോ ദൃശ്യങ്ങളിലും ഈ ബാലാവകാശനിഷേധം വ്യക്തമാണെന്നും ജെ ദേവിക പരാതിയില്‍ പറയുന്നു.
ആന്ധ്രപ്രദേശ് സ്വദേശിയായ മാധവി എന്ന തീര്‍ത്ഥാടകയെ പ്രതിഷേധക്കാര്‍ ശബരിമല ചവിട്ടുന്നതില്നിന്ന് തടഞ്ഞിരുന്നു. മാധവിക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളേയും പ്രതിഷേധക്കാര്‍ തടഞ്ഞുവച്ച് ഭയപ്പെടുത്തി. പുരുഷാരം തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുമ്പോള്‍ പേടിച്ചുകരയുന്ന ആ കുട്ടികളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂര്‍ സ്വദേശിയായ ജസീറ എന്ന സ്ത്രീ സെക്രട്ടേറിയറ്റിന് മുന്നില്‍ മണല്‍ക്കടത്തുകാര്‍ക്ക് എതിരെ നടത്തിയ സമരത്തില്‍ കുട്ടികളെ ഉപയോഗിച്ചത് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞിരുന്നു. സമാനമായ സാഹചര്യമായി കണക്കാക്കി വിഷയത്തില്‍ ബാലാവകാശ കമ്മീഷന് ഇടപെടണമെന്ന് ജെ ദേവിക ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യം അതിലും മോശമാണെന്നും സമരങ്ങളില്‍ കുട്ടികളെ കവചമായും വിലപേശല്‍ വസ്തുക്കളായും ഉപയോഗിക്കുന്നത് അവരുടെ ശരീരസുരക്ഷയേയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ജെ ദേവിക പരാതിയില്‍ ചൂണ്ടിക്കാട്ടി.
സമരത്തില്‍ കുട്ടികളെ ഉപയോഗിക്കുന്നര്ക്കെതിരെ നടപടി വേണമെന്നും സമാന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഈ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് തടയണമെന്നും ജെദേവിക ആവശ്യപ്പെട്ടു.